കൊല്ലം: ചിന്താ ജെറോം റിസോർട്ട് വിവാദത്തിൽ വിശദീകരണവുമായി തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ റിസോർട്ട് ഉടമ. ചിന്ത ജെറോം കുടുംബസുഹൃത്താണ്. സ്ഥാപനം നിശ്ചയിച്ച വാടക നൽകിയാണ് ചിന്ത താമസിച്ചത്. ചിന്തയുടെ അമ്മയെ ചികിത്സിച്ചിരുന്നത് തൻ്റെ ഭാര്യയാണെന്നും റിസോർട്ട് ഉടമ പറഞ്ഞു. നിയമങ്ങൾ പാലിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്നുമാണ് ഉടമയുടെ വിശദീകരണം.
ഒന്നേമുക്കാൽ വർഷത്തോളം ചിന്ത അമ്മയോടൊപ്പം കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചെന്നും സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും പരാതി നൽകിയിരുന്നു. അമ്മയുടെ ആയുർവേദ ചികിത്സയ്ക്കായാണ് ഹോട്ടലിൽ താമസിച്ചതെന്ന് ചിന്ത വിശദീകരിച്ചിരുന്നു. യുവജന കമ്മിഷൻ ചെയർപേഴ്സണിനു ഇത്രയധികം പണം എങ്ങനെ ലഭിച്ചുവെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നുമാണ് ആവശ്യം.
അപ്പാർട്ട്മെന്‍റിന്‍റെ പ്രതിദിന വാടക 8,500 രൂപയാണ്. ഇക്കണക്കിൽ ഹോട്ടലിനു 38 ലക്ഷത്തോളം രൂപ നൽകേണ്ടി വന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഒന്നരക്കൊല്ലത്തോളം ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതായി ചിന്ത സമ്മതിച്ചിരുന്നു.