മസ്കത്ത്: നാലാമത് ‘സിനിമാന’ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള ചിത്രം ആയിഷയ്ക്ക് അംഗീകാരം. മത്സര വിഭാഗത്തിൽ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് എം ജയചന്ദ്രൻ പുരസ്കാരം നേടി. ആയിഷയുടെ പശ്ചാത്തല സംഗീതം അറബ്, ഇന്ത്യൻ സംഗീതത്തിന്‍റെ അസാധാരണമായ സംയോജനമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഇന്തോ-അറബിക് പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയ്ക്ക് അറബ് ഫെസ്റ്റിവലിൽ ലഭിച്ച അംഗീകാരം കൂടിയാണ് ഈ പുരസ്കാരം. മുസന്ദത്ത് നടന്ന സമാപന സമ്മേളനത്തിൽ ഗവർണർ സയ്യിദ് ഇബ്റാഹീം ബിൻ സഈദ് അൽ ബുസൈദി പുരസ്കാരം സമ്മാനിച്ചു. നിലമ്പൂർ സ്വദേശിനി അയിഷയുടെ ജീവിതത്തെ ആസ്പദമാക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആഷിഫ് കക്കോടിയുടേതാണ് തിരക്കഥ. സക്കറിയയാണ് ചിത്രം നിർമ്മിച്ചത്. എം.ടി.ഷാസുദ്ദീൻ, ഹാരിസ് ദേശം, പി.ബി.അനീഷ്, സക്കരിയ വാവാടു, ബിനീഷ് ചന്ദ്രൻ എന്നിവർ ചേർന്നാണ് സഹ നിർമ്മാണം. ജനുവരി 20ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.