തിരുവനന്തപുരം: സംസ്ഥാനത്ത് 509 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകൾക്കും അനുബന്ധ ആശുപത്രികൾക്കും പുറമെ 16 ജില്ല, ജനറൽ ആശുപത്രികൾ, 73 താലൂക്ക് ആശുപത്രികൾ, 25 കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾ, 380 പ്രാഥമികാരോഗ്യ / കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലും ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഘട്ടം ഘട്ടമായി ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ആശുപത്രിയിലെത്തി മടങ്ങുന്നത് വരെയുള്ള എല്ലാ ആരോഗ്യ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ഇ-ഹെൽത്ത് സംവിധാനത്തിലൂടെ ഓൺലൈനായി ചെയ്യാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ, വീട്ടിൽ നിന്ന് തന്നെ ഓൺലൈനായി ഒപി ടിക്കറ്റും ആശുപത്രി അപ്പോയിന്‍റ്മെന്‍റും ബുക്ക് ചെയ്യാൻ കഴിയും. ഇതുവരെ 3.04 കോടി രജിസ്ട്രേഷനുകളാണ് ഇ ഹെൽത്ത് വഴി നടത്തിയത്. 32.40 ലക്ഷം (10.64 ശതമാനം) സ്ഥിരം യുഎച്ച്ഐഡി രജിസ്ട്രേഷനും 2.72 കോടി (89.36 ശതമാനം) താൽക്കാലിക രജിസ്ട്രേഷനുകളും നടത്തിയതായും ഒരു ലക്ഷത്തോളം പേർ ഓൺലൈനായി അഡ്വാൻസ്ഡ് അപ്പോയിന്‍റ്മെന്‍റ് നടത്തിയതായും മന്ത്രി പറഞ്ഞു.
‘ഡിജിറ്റൽ ആരോഗ്യം’ സമയബന്ധിതമായി യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ആശുപത്രികളിൽ ഇ-ഹെൽത്ത് സൗകര്യം ഏർപ്പെടുത്തി ഓൺലൈൻ ഒപി ടിക്കറ്റിംഗും പേപ്പർ രഹിത ആശുപത്രി സേവനവും യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. ലാബ് റിസള്‍ട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനവും സജ്ജമാക്കിയിട്ടുണ്ടെന്നും ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്യാൻസർ രോഗനിർണയത്തിനും ക്യാൻസർ ചികിത്സയുടെ ഏകോപനത്തിനുമായി ക്യാൻസർ ഗ്രിഡും ക്യാൻസർ കെയർ സ്യൂട്ടും നടപ്പാക്കിയിട്ടുണ്ടെന്നും വിപുലമായ ഇ-സഞ്ജീവനി സേവനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.