തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസിനെതിരായ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എണ്ണവില നിശ്ചയിക്കാൻ കമ്പനികളെ അനുവദിച്ചവരാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ധന സെസിനെതിരായ പ്രതിഷേധത്തിൽ കോൺഗ്രസിനൊപ്പം ബി.ജെ.പിയും ചേർന്നത് വിചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരു പാർട്ടികളും വില വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ്. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ ഞെരുക്കിയ പാർട്ടിയാണ് കോൺഗ്രസ്. 2015ലെ ബജറ്റിൽ ഇന്ധനവില ഇതിന്റെ പകുതിയുള്ളപ്പോൾ സെസ് ഏർപ്പെടുത്തിയവരാണ് യു.ഡി.എഫ്. ഞെരുക്കാൻ കേന്ദ്ര സർക്കാരും അതിന് കുടപിടിക്കാൻ യു.ഡി.എഫും എന്നതാണ് നിലവിലെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.