കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ പിതാവിനെ തടഞ്ഞ് പൊലീസ്. ഞായറാഴ്ച വൈകിട്ട് കാലടിയിലായിരുന്നു സംഭവം. കോട്ടയം സ്വദേശിയായ ശരത്തിനാണ് ഈ അനുഭവമുണ്ടായത്.
നാല് വയസുള്ള കുട്ടിക്ക് പനിക്കുള്ള മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ ശ്രമിച്ച പിതാവിനോട് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അപമര്യാദയായി പെരുമാറുകയായിരുന്നു. മെഡിക്കൽ ഷോപ്പിന് സമീപം വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. പിന്നീട് മറ്റൊരു സ്ഥലത്ത് വാഹനം നിർത്തി കുട്ടിയുമായി വന്ന് മരുന്ന് വാങ്ങി മടങ്ങുമ്പോഴും പൊലീസിൽ നിന്ന് ഭീഷണിയുണ്ടായി എന്നാണ് പറയുന്നത്.
മെഡിക്കൽ ഷോപ്പ് ഉടമയായ മത്തായിക്കെതിരെയും കട അടച്ചുപൂട്ടുമെന്ന രീതിയിൽ പൊലീസ് ഭീഷണിപ്പെടുത്തി. എല്ലാവരും കയ്യിൽ കരിങ്കൊടിയുമായി നടക്കുന്നത് പോലെയുള്ള പൊലീസിന്‍റെ പെരുമാറ്റം തങ്ങളെ അസ്വസ്ഥരാക്കിയെന്നും ഇവർ പറഞ്ഞു.