തിരുവനന്തപുരം: ‘ദാസേട്ടന്‍റെ സൈക്കിൾ’ എന്ന ചിത്രത്തിന്‍റെ പോസ്റ്റർ എം.എ ബേബി ഫേസ്ബുക്കിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ‘നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ സ്ഥലം നോക്കാമെന്നാണ്’ അദ്ദേഹം മറുപടിയായി കുറിച്ചത്. ഹരീഷ് പേരടി നിർമ്മിച്ച ചിത്രമാണ് ദാസേട്ടന്‍റെ സൈക്കിൾ.
കഴിഞ്ഞ ദിവസം ദാസേട്ടന്‍റെ സൈക്കിളിന്‍റെ പോസ്റ്റർ എം എ ബേബി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. ഇത് ഇടതുപക്ഷ ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. പാർട്ടിയെയും നേതാക്കളെയും വിമർശിക്കുന്ന ഹരീഷ് പേരടിയുടെ പോസ്റ്റർ ഷെയർ ചെയ്യുന്നത് ശരിയല്ലെന്നാണ് ഉയരുന്ന വിമർശനം. സാധാരണ പാർട്ടി പ്രവർത്തകർക്ക് മാത്രമല്ല പോളിറ്റ്ബ്യൂറോ അംഗങ്ങൾക്കും പാർട്ടി ക്ലാസ് നൽകണമെന്ന കമന്‍റുകൾ ലഭിച്ചതോടെയാണ് വിശദീകരണവുമായി എം.എ ബേബിയും മുന്നോട്ടുവന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY