ന്യൂഡൽഹി: ജനുവരിയിൽ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. റീട്ടെയിൽ പണപ്പെരുപ്പം 6.52 ശതമാനമായി ഉയർന്നതായി പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം (എംഒഎസ്പിഐ) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരിയിൽ ഇത് 6.01% ആയിരുന്നു. ഡിസംബറിൽ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.72 ശതമാനവും പ്രധാന പണപ്പെരുപ്പം 6.10 ശതമാനവുമായിരുന്നു.
ഉപഭോക്തൃ വില സൂചിക എന്നും അറിയപ്പെടുന്ന റീട്ടെയിൽ പണപ്പെരുപ്പം, കുടുംബങ്ങൾ അവരുടെ ദൈനംദിന ഉപഭോഗത്തിനായി വാങ്ങുന്ന സാധനങ്ങളുടേയും സേവനങ്ങളുടെയും ചില്ലറ വിലയിലെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 6.85 ശതമാനമായി ഉയർന്നു. നഗരപ്രദേശങ്ങളിൽ ഇത് 6 ശതമാനമാണ്. ഭക്ഷ്യവിലക്കയറ്റം 5.43 ശതമാനത്തിൽ നിന്ന് 5.94 ശതമാനമായി ഉയർന്നു. ഇത് 2022 ഡിസംബറിൽ രേഖപ്പെടുത്തിയ 4.19 ശതമാനത്തേക്കാൾ കൂടുതലാണ്.
2023 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 6.5 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്ക് ഗവർണർ അടുത്തിടെ പുറത്തിറക്കിയ ധനനയ പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ ഇത് 5.3 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം കുറയുമെന്നും എന്നാൽ ഇത് 4 ശതമാനത്തിന് മുകളിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.