മിഷിഗണ്‍: അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ്. സംഭവത്തിൽ മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. വെടിവയ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്കായി തിരച്ചിൽ തുടരുകയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ക്യാമ്പസിലെ രണ്ട് സ്ഥലങ്ങളിലാണ് വെടിവെപ്പ് നടന്നത്. രണ്ടിടത്തും വെടിയുതിർത്തത് ഒരാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ക്യാമ്പസിലെ ബെർക്കി ഹാളിന് സമീപം നടന്ന വെടിവയ്പിലാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. മിഷിഗൺ സർവകലാശാല യൂണിയൻ കെട്ടിടത്തിന് സമീപമാണ് രണ്ടാമത്തെ വെടിവെപ്പ് നടന്നത്. ക്യാമ്പസ് സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പസ് വളഞ്ഞിരിക്കുകയാണ്. പൊലീസും അത്യാഹിത വിഭാഗവും വളരെ വേഗത്തിലാണ് വെടിവയ്പിനോട് പ്രതികരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് പേരെ ഇതിനോടകം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. പരിക്കുകൾ ഗുരുതരമാണെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് മേധാവി ക്രിസ് റോസ്മാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്യാമ്പസിലെ മറ്റ് വിദ്യാർത്ഥികളോടും ജീവനക്കാരോടും സുരക്ഷിത താവളങ്ങളിൽ തുടരാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചുവന്ന ഷൂസ് ധരിച്ച് ജീൻസ് ജാക്കറ്റ് ധരിച്ച ഉയരം കുറഞ്ഞ പുരുഷനാണ് വെടിവയ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. ക്യാമ്പസിന് പുറത്തുള്ളവർ ഇവിടേക്ക് വരരുതെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത 48 മണിക്കൂർ നേരത്തേക്ക് ക്യാമ്പസിലെ എല്ലാ ക്ലാസുകളും കായിക പരിശീലനവും റദ്ദാക്കിയിട്ടുണ്ട്.