ലക്നൗ: വരന്‍റെ അമ്മാവന് കഴിക്കാൻ പനീർ കിട്ടിയില്ലെന്ന പരാതിയെ തുടർന്ന് വിവാഹ വേദിയിൽ കൂട്ടത്തല്ല്. ഉത്തർ പ്രദേശിലെ ബാഗ്പത് ജില്ലയിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ അതിഥികൾ പരസ്പരം ഏറ്റുമുട്ടുന്നത് വീഡിയോയിൽ കാണാം.
വധുവിന്‍റെ വീട്ടുകാരാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. സദ്യയിൽ വരന്‍റെ അമ്മാവന് പനീർ കറി ലഭിക്കാത്തതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തു. ഇഷ്ടപ്പെട്ട പാട്ട് വെക്കാതിരുന്നതിന് ഡിജെയെ കയ്യേറ്റം ചെയ്യാൻ ശ്രമം നടന്നതായും ആരോപണമുണ്ട്. വധുവിന്‍റെയും വരന്‍റെയും ബന്ധുക്കൾ വടികളും ബെൽറ്റുകളും ഉപയോഗിച്ച് പരസ്പരം അടിക്കുന്നതും വിളമ്പുകാരന്റെ വേഷം ധരിച്ച ഒരാളെ നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയിൽ കാണാം.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇരുപക്ഷവും ഒത്തുതീർപ്പിലെത്തിയതിനാൽ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ട്വിറ്ററിൽ വൈറലായ വീഡിയോ ഇതുവരെ 1,40,000 വ്യൂസാണ് നേടിയത്.