കോട്ടയം: പച്ചക്കറിക്കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിടാൻ തീരുമാനം. ഇടുക്കി എ.ആർ. ക്യാംപിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെയാണ് പിരിച്ചുവിടുന്നത്. ഷിഹാബിന് ജില്ലാ പോലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് നൽകി. 15 ദിവസത്തിനകം മറുപടി നൽകണം. മറുപടി ലഭിച്ച ശേഷം അന്തിമ നടപടി സ്വീകരിക്കും. മാങ്ങ മോഷണത്തിനു പുറമെ മറ്റ് ക്രിമിനൽ കേസുകളും ഇയാളുടെ പേരിലുണ്ട്. ഇതും കണക്കിലെടുത്താണ് നടപടി.
സെപ്റ്റംബർ 30ന് പുലർച്ചെയാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ കാഞ്ഞിരപ്പള്ളി ടൗണിലെ ഒരു കടയ്ക്ക് മുന്നിൽ സ്കൂട്ടറിൽ മാങ്ങ മോഷ്ടിക്കുന്ന ഷിഹാബിൻ്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ആദ്യം കേസ് ഒതുക്കി തീർക്കാൻ ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൂന്നാം തീയതി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പോലീസുകാരനെ സസ്പെൻഡ് ചെയ്തു.
തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും കേസ് തീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY