ചെന്നൈ: വസ്ത്രം കഴുകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവ സൈനികനെ മർദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ പോച്ചാംപള്ളിയിലാണ് സംഭവം. കൃഷ്ണഗിരി സ്വദേശി പ്രഭു (33) ആണ് മരിച്ചത്.
സൈനികനായ പ്രഭുവിനെ ഫെബ്രുവരി എട്ടിനാണ് ഡിഎംകെ നേതാവ് ചിന്നസാമിയും സംഘവും മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രഭു വ്യാഴാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ ചിന്നസാമിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.
പോച്ചാംപള്ളിയിലെ വാട്ടർ ടാങ്കിന് സമീപം വസ്ത്രം കഴുകുന്നതിനെച്ചൊല്ലിയാണ് പ്രഭുവും ഡിഎംകെ കൗൺസിലർ ചിന്നസാമിയും തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് ചിന്നസാമി ഉൾപ്പെടെ 10 പേരടങ്ങുന്ന സംഘം പ്രഭുവിനെയും സഹോദരൻ പ്രഭാകരനെയും വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രഭുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY