ബാഴ്‌സലോണ: യൂറോപ്യൻ ലീഗിലെ സൂപ്പർ പോരാട്ടങ്ങളിലൊന്നിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു. ക്യാമ്പ് നൗവില്‍ നടന്ന മത്സരം 2-2 എന്ന സമനിലയിൽ അവസാനിച്ചു. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഗോളുകളൊന്നും നേടാനായില്ല. പരിക്ക് മൂലം പെഡ്രിയെ നഷ്ടമായത് ബാഴ്സയ്ക്ക് തിരിച്ചടിയായി.
ഒടുവിൽ 50-ാം മിനിറ്റിൽ ഡിഫൻഡർ മാർക്കോസ് അലോൺസോയുടെ ഹെഡ്ഡറിലൂടെ ബാഴ്‌സലോണ ആദ്യ സ്‌കോർ നേടി. റഫീഞ്ഞ്യയെടുത്ത കോര്‍ണര്‍ ബോക്‌സിന് പുറത്തുനിന്ന് കൃത്യമായി ഓടിക്കയറി അലോണ്‍സോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഫ്രെഡ് നല്‍കിയ പന്തുമായി ബോക്‌സിലേക്ക് കയറിയ റാഷ്‌ഫോര്‍ഡ് ബാഴ്‌സ ഗോളി ടെര്‍സ്‌റ്റേഗനെ മറികടന്ന് പന്ത് വലയിലെത്തിച്ചു. പിന്നാലെ 59-ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ബാഴ്‌സ ഡിഫന്‍ഡര്‍ യൂള്‍സ് കുന്‍ഡെയുടെ ദേഹത്ത് തട്ടി വലയില്‍ കയറിയതോടെ ആതിഥേയര്‍ ഞെട്ടി. 76-ാം മിനിറ്റില്‍ റഫീഞ്ഞ്യ ബോക്‌സില്‍ ലെവന്‍ഡോവ്‌സ്‌കിയെ കണക്കാക്കി നല്‍കിയ ഒരു ലോങ് ക്രോസ് നേരിട്ട് വലയില്‍ കയറിയതോടെ ബാഴ്‌സ ഒപ്പം പിടിച്ചു. ശേഷം ബാഴ്സ ആക്രമണം കടുപ്പിച്ചെങ്കിലും വിജയം കൈവരിക്കാനായില്ല.