Breaking News

കോഴിക്കോട് ലോഡ്ജ് മുറിയിൽ യുവസൈനികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്/മണ്ണാർക്കാട്: കോഴിക്കോട് മുതലക്കുളത്ത് യുവ സൈനികനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നാട്ടുകൽ മണലുംപുറം കൂളാകുറിശ്ശി വീട്ടിൽ വാസുവിന്‍റെ മകൻ കെ. ബിജിത്ത് (25) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ഇയാളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കശ്മീരിൽ ജോലി ചെയ്തിരുന്ന ബിജിത്ത് രണ്ടര മാസത്തെ അവധിക്ക് നാട്ടിലെത്തിയതാണെന്ന് മണ്ണാർക്കാട് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അവധി കഴിഞ്ഞ് ജോലിക്ക് തിരിച്ച് പോയതായി കുടുംബാംഗങ്ങൾ പറഞ്ഞു. കോഴിക്കോട് നിന്നുള്ള മറ്റൊരു സൈനികനൊപ്പം ഇയാൾ വിമാനത്തിൽ ഡൽഹിയിലേക്ക് പോയെന്നായിരുന്നു വിവരം. ഡൽഹിയിൽ എത്തിയ ശേഷം വീട്ടിലേക്ക് വിളിച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ സൈനിക ഉദ്യോഗസ്ഥൻ ബിജിത്തിന്‍റെ മൂത്ത സഹോദരനെ വിളിച്ച് ബിജിത്ത് കശ്മീരിലെ ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന വിവരം അറിയിച്ചു. ഇതോടെ ബിജിത്തിനെ വീണ്ടും വിളിച്ചപ്പോൾ സഹപ്രവർത്തകന് സുഖമില്ലെന്നും വീട്ടിലേക്ക് കൊണ്ടുവരികയാണെന്നും പറഞ്ഞു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. ബിജിത്തിനെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ചെറിയച്ഛൻ ഗോവിന്ദൻ പറഞ്ഞു.

ബുധനാഴ്ച പുലർച്ചെ 5.40ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷയിൽ ലോഡ്ജിലെത്തിയ ബിജിത്ത് മുറിയെടുക്കുകയായിരുന്നു. ഒറ്റയ്ക്കാണ് ലോഡ്ജിലെത്തിയത്. വ്യാഴാഴ്ച രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബിജിത്ത് ഡൽഹിയിലേക്കും മഹാരാഷ്ട്രയിലേക്കും നടത്തിയ യാത്രകളുടെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് കശ്മീരിലേക്കുള്ള ബോർഡിംഗ് പാസും കണ്ടെടുത്തു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …