ന്യൂഡല്‍ഹി: സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക ഇന്ന് തന്നെ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 16,982 കോടി രൂപയുടെ കുടിശ്ശിക ഇന്ന് തന്നെ സംസ്ഥാനങ്ങൾക്ക് കൈമാറുമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ധനമന്ത്രി പറഞ്ഞു.
നിലവിൽ നഷ്ടപരിഹാര ഫണ്ടിൽ ഈ തുക ലഭ്യമല്ലാത്തതിനാൽ കേന്ദ്രം സ്വന്തം പോക്കറ്റിൽ നിന്നാണ് ഇത് അനുവദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഭാവിയിൽ ശേഖരിക്കുന്ന നഷ്ടപരിഹാര സെസിൽ നിന്ന് ഈ തുക ഈടാക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
2017 ല്‍ ജിഎസ്ടി നടപ്പാക്കിയ ശേഷം അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് അവരുടെ നികുതി വരുമാന നഷ്ടത്തിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ധാരണ. ഈ നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടി നല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ചില ട്രാക്കിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചതായും ധനമന്ത്രി പറഞ്ഞു. ശര്‍ക്കര പാനിയുടെ ജി.എസ്.ടി ഒഴിവാക്കി.