ന്യൂഡൽഹി: ജി.എസ്.ടി തർക്ക പരിഹാരത്തിനായി അപ്‍ലറ്റ് ട്രൈബ്യൂണലുകൾ രൂപീകരിക്കണമെന്ന മന്ത്രിതല സമിതിയുടെ ശുപാർശയെ എതിർത്ത് കേരളം. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം നിലപാട് അറിയിച്ചു.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബീഹാർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും മന്ത്രിതല സമിതിയുടെ ശുപാർശകളോട് വിയോജിപ്പുണ്ട്. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള സമിതി ഡൽഹി ആസ്ഥാനമായി ദേശീയ അപ്‍ലറ്റ് ട്രൈബ്യൂണൽ (എൻപിടി) സ്ഥാപിക്കാനാണ് ശുപാർശ ചെയ്തത്. എന്നാൽ സംസ്ഥാനങ്ങളിലും ട്രൈബ്യൂണലുകൾ വേണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.
ഈ വിഷയങ്ങളിൽ സമവായത്തിലെത്തിയ ശേഷം വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ നിയമനിർമ്മാണം നടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ജി.എസ്.ടി നഷ്ടപരിഹാര കാലാവധി അഞ്ച് വർഷം കൂടി നീട്ടണമെന്ന് കേരളം ആവശ്യപ്പെടും.