Breaking News

മഴക്കളി, അയര്‍ലാന്‍ഡ്- അഫ്ഗാന്‍ മാച്ചും നടന്നില്ല! അഫ്ഗാന്‍ പുറത്തേക്ക്

ടി20 ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികളുടെ രസംകൊല്ലിയായി മഴ മാറിയിരിക്കുകയാണ്. സൂപ്പര്‍ 12ലെ മറ്റൊരു മല്‍സം കൂടി മഴയെടുത്തിരിക്കുകയാണ്. സൂപ്പര്‍ 12ലെ കടുപ്പമേറിയ ഗ്രൂപ്പായ ഒന്നില്‍ അയര്‍ലാന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരുന്ന മല്‍സരമാണ് മഴയില്‍ ഒലിച്ചുപോയത്. ശക്തമായ മഴയെ തുടര്‍ന്ന് ടോസ് പോലും നടത്താന്‍ കഴിയാതെ കളി ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു.

മല്‍സരം ഉപേക്ഷിക്കപ്പെട്ടത് അയര്‍ലാന്‍ഡിനും അഫ്ഗാനും ഒരുപോലെ തിരിച്ചടിയാണ്. കാരണം രണ്ടു ടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായിരുന്നു ഈ മല്‍സരം. അഫ്ഗാന്റെ സെമി പ്രതീക്ഷയും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. അഫ്ഗാനിസ്താനെ സംബന്ധിച്ച് അയര്‍ലാന്‍ഡുമായുള്ള മല്‍സരം ഡു ഓര്‍ ഡൈ ആയിരുന്നു. കാരണം ഇംഗ്ലണ്ടുമായുള്ള ആദ്യ മാച്ചില്‍ മുഹമ്മദ് നബിയും സംഘവും അഞ്ചു വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങിയിരുന്നു.

ന്യൂസിലാന്‍ഡിനെതിരായ അടുത്ത മല്‍സരമാവട്ടെ ശക്തമായ മഴയെ തുടര്‍ന്ന് ടോസ് പോലും നടത്താന്‍ സാധിക്കാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ അഫ്ഗാന്റെ തുടരെ രണ്ടാമത്തെ മല്‍സരവും മഴ തട്ടിയെടുത്തിരിക്കുകയാണ്. രണ്ടു പോയിന്റ് മാത്രമുള്ള അഫ്ഗാന്‍ ഗ്രൂപ്പില്‍ അഞ്ചാമതാണ്. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ജയിച്ചാലും അഫ്ഗാന്‍ ഇനി സെമി ഫൈനലില്‍ കടക്കുന്ന കാര്യം സംശയമാണ്.

അയര്‍ലാന്‍ഡിനു വിജയപ്രതീക്ഷയുള്ള മല്‍സരങങളിലൊന്നായിരുന്നു അഫ്ഗാനിസ്താനുമായിട്ടുള്ളത്. ഗ്രൂപ്പില്‍ അവരെ സംബന്ധിച്ച് കൂടുതല്‍ എളുപ്പമുള്ള എതിരാളികളും അവരായിരുന്നു. പക്ഷെ മഴ അപ്രതീക്ഷിത വില്ലനായതോടെ ഒരു പോയിന്റുമായി ഐറിഷ് പടയ്ക്കു തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്. ഏഷ്യന്‍ ജേതാക്കളായ ശ്രീലങ്കയുമായുളള ആദ്യ മല്‍സരത്തില്‍ ഒമ്പതു വിക്കറ്റിന്റെ വന്‍ പരാജയത്തോടെയായിരുന്നു അയര്‍ലാന്‍ഡ് തുടങ്ങിയത്. എന്നാല്‍ രണ്ടാമത്തെ കളിയില്‍ മഴ തടസ്സപ്പെടുത്തിയപ്പോള്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ അവര്‍ അഞ്ചു റണ്‍സിനു അട്ടിമറിച്ചിരുന്നു.

ഈ ലോകകപ്പില്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട മൂന്നാമത്തെ മല്‍സരം കൂടിയാണ് അയര്‍ലാഡ്- അഫ്ഗാനിസ്താന്‍ പോരാട്ടം. നേരത്തേ നടന്ന ക്വാളിഫയര്‍ മല്‍സരങ്ങള്‍ക്കൊന്നും തന്നെ മഴ വില്ലനായിരുന്നില്ല. പക്ഷെം സൂപ്പര്‍ 12ലെത്തി കളി കാര്യമായതോടെ മഴയും ‘കളി തുടങ്ങിയിരിക്കുകയാണ്’.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …