തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകുന്നതിനെ ന്യായീകരിച്ച് മന്ത്രി ആന്‍റണി രാജു. ഗഡുക്കളായി ശമ്പളം നൽകുന്നതിന് വിവാദം സൃഷ്ടിക്കേണ്ട കാര്യമില്ല. യൂണിയനുകൾ ആശങ്ക അറിയിച്ചിട്ടില്ല. അവർക്ക് അവരുടെ അഭിപ്രായം പറയാം. യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഗഡുക്കളായി നൽകുമെന്ന ഉത്തരവിൽ തെറ്റില്ലെന്നാണ് മന്ത്രി പറയുന്നത്. ടാർഗറ്റ് അടിസ്ഥാനത്തിൽ മാത്രം ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും പ്രായോഗിക തീരുമാനം തള്ളിക്കളയേണ്ട കാര്യമില്ലെന്നും ആന്‍റണി രാജു പറഞ്ഞു. പുതിയ ഉത്തരവും ടാർഗെറ്റ് നിർദ്ദേശവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.