ആലപ്പുഴ: കൃഷി പഠിക്കാൻ ഇസ്രായേലിലേക്ക് പോയ ബിജു കുര്യൻ ബോധപൂര്‍വം മുങ്ങിയതാണെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ബിജുവിന്‍റെ കുടുംബാംഗങ്ങൾ വിളിച്ച് ക്ഷമാപണം നടത്തി. സഹോദരനുമായി ഫോണിൽ സംസാരിച്ചു. സംഘം തിരിച്ചെത്തിയ ശേഷം നിയമനടപടി ആലോചിക്കും. നല്ല ഉദ്ദേശ്യത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കർഷകരെ തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.
ഞായറാഴ്ച രാവിലെയെങ്കിലും ബിജു ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു. രണ്ട് പെൺകുട്ടികളുടെ പിതാവാണ് ബിജു. വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയത്. എന്തെങ്കിലും അപകടം സംഭവിച്ചോ എന്നറിയില്ല. എംബസിക്കും ഇസ്രയേലിനും പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ കാണാതായ ബിജു കുടുംബവുമായി ബന്ധപ്പെട്ടു. താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും പറഞ്ഞു.
കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് സംസ്ഥാന കൃഷി വകുപ്പ് ആധുനിക കാർഷിക പരിശീലനത്തിനായി ഇസ്രായേലിലേക്ക് അയച്ചതിന് പിന്നാലെ കാണാതായത്. വ്യാഴാഴ്ച രാവിലെ 10ന് ഇയാൾ ഭാര്യയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. തുടർന്ന് ബിജുവിനെ ഫോണിൽ കിട്ടാതായെന്ന് സഹോദരൻ പറഞ്ഞു. എന്തുകൊണ്ടാണ് നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നതെന്ന് കുടുംബത്തിനും അറിയില്ല.