റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 988 കോടി നേടി ഷാരൂഖ് ഖാൻ്റെ ‘പത്താൻ’. നാലരക്കോടിയോളം രൂപയാണ് ചിത്രം കഴിഞ്ഞ ദിവസം നേടിയത്. അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് സ്ക്രീനുകളുടെ എണ്ണം വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് പത്താൻ. പ്രശാന്ത് നീലിന്‍റെ കെജിഎഫ് 2, രാജമൗലിയുടെ ആർആർആർ, ബാഹുബലി 2; ദി കൺക്ലൂഷൻ, നിതേഷ് തിവാരിയുടെ ദംഗൽ എന്നിവയാണ് പത്താന് മുന്നിലുള്ളത്.
വലിയ എതിർപ്പുകളും ബഹിഷ്കരണ ആഹ്വാനവും ഉണ്ടായിരുന്നിട്ടും ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുകയും ആദ്യ ദിവസം മാത്രം 106 കോടി രൂപ നേടുകയും ചെയ്തു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും വേഷമിടുന്നുണ്ട്.
ആദ്യ ദിനം 57 കോടിയാണ് പത്താൻ ഇന്ത്യയിൽ നേടിയത്. ഇന്ത്യയിൽ ഒരു ഹിന്ദി സിനിമയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ കൂടിയാണിത്. ഹൃത്വിക് റോഷന്‍റെ വാർ ആദ്യ ദിനം നേടിയത് 53.3 കോടിയാണ്. ഷാരൂഖ് ഖാന്‍റെ കരിയറിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ കൂടിയാണ് പത്താൻ. ഹാപ്പി ന്യൂ ഇയറിന്റെ 44 കോടി കളക്ഷനാണ് പത്താൻ മറികടന്നത്.