റിയാദ്: അവധി കഴിഞ്ഞ് മടങ്ങിയെത്തുന്ന ഗാർഹിക ജോലിക്കാരെ സൗദി വിമാനത്താവളങ്ങളിൽ സ്വീകരിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്തം തൊഴിലുടമകൾക്കാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാൻ രാജ്യത്തെ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സൗകര്യമുണ്ട്.
റിയാദ് കിങ് ഖാലിദ് വിമാനത്താവളം, ദമ്മാം കിങ് ഫഹദ് വിമാനത്താവളം, ഖസീമിലെ അമീർ നാഇഫ് വിമാനത്താവളം, മദീനയിലെ അമീർ മുഹമ്മദ് വിമാനത്താവളം എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. ഗാർഹിക തൊഴിലാളികളെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സ്വീകരിക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും കൂടുതൽ വിവരങ്ങൾക്ക് 920002866 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും വ്യക്തിമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയിലേക്ക് ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിച്ച് തൊഴിലുടമയ്ക്ക് കൈമാറേണ്ടത് റിക്രൂട്ടിംഗ് ഓഫീസുകളുടെ ഉത്തരവാദിത്തമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.