അഹമ്മദാബാദ്: കളഞ്ഞ് പോയൊരു പേഴ്സ് തിരികെ ഏൽപ്പിച്ച യുവാവാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ താരം. ട്രെയിനിൽ അമേരിക്കൻ യുവതി മറന്നുവെച്ച പേഴ്സ് ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചാണ് യുവാവ് തിരികെ ഏൽപ്പിച്ചത്.
യു.എസിൽ നിന്ന് ഇന്ത്യയിലെത്തിയ യുവതി ട്രെയിൻ യാത്രക്കിടെ പേഴ്സ് മറന്നു വെക്കുകയായിരുന്നു. നഷ്ടപ്പെട്ട പേഴ്സ് എന്റെ പക്കൽ ഉണ്ട്, ഉടനെ തിരിച്ചു തരാം എന്നൊരു സന്ദേശം ചിരാഗ് എന്ന വ്യക്തിയിൽ നിന്ന് ഇൻസ്റ്റഗ്രാമിൽ യുവതിക്ക് ലഭിച്ചു. ഗുജറാത്തിലെ ഭുജിൽ ഹോട്ടൽ നടത്തുന്ന ചിരാഗിന്റെ അടുത്തെത്തിയ യുവതിക്ക് പേഴ്സ് തിരികെ ലഭിക്കുകയും ചെയ്തു.
പാരിതോഷികമായി പേഴ്സിൽ നിന്നും കുറച്ചു പണം എടുത്ത് യുവതി ചിരാഗിന് നേർക്ക് നീട്ടിയെങ്കിലും അദ്ദേഹം അത് സന്തോഷത്തോടെ നിരസിച്ചു. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചാണ് യുവതി ചിരാഗിന് നന്ദി പറഞ്ഞത്. നിരവധി പേരാണ് യുവാവിനെ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയത്. ചിരാഗിനെപോലുള്ളവരാണ് ഇന്ത്യൻ ടൂറിസത്തിന്റെ യഥാർത്ഥ അംബാസഡർ എന്നും പലരും അഭിപ്രായപ്പെട്ടു.