അബുദാബി: യുഎഇയുടെ ദേശീയ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡിയുടെ അപേക്ഷാ ഫോം പരിഷ്കരിച്ചു. നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐസിപി) അറിയിച്ചു. നവീകരിച്ച അപേക്ഷയിൽ ഏഴ് ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
അപേക്ഷയുടെ വലതുവശത്ത് ക്യുആർ കോഡ് സ്ഥാപിച്ചു. ഇതു സ്കാൻ ചെയ്താൽ അപേക്ഷകന്‍റെ മുഴുവൻ വിവരങ്ങളും ലഭ്യമാകും. ഫോട്ടോ ഇടതുവശത്ത് വയ്ക്കണം. പരാതിപ്പെടാനും വിരലടയാളം രേഖപ്പെടുത്താനും ക്യുആർ കോഡുകൾ ഉണ്ട്. കമ്പനിയുടെ വിലാസത്തിന് പുറമേ, കാർഡ് വിതരണം ചെയ്യുന്ന കൊറിയർ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടാകും. അപേക്ഷയിലെ വിവരങ്ങൾ പരിഷ്കരിച്ച് വിരലടയാളം എടുക്കാൻ ലഭിച്ച തീയതിയും സമയവും മാറ്റാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷയുടെ സ്റ്റാറ്റസ് ഓൺലൈനായി ട്രാക്ക് ചെയ്യാനും കഴിയും.