എഐ ചാറ്റ്ബോട്ടായ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി നിരവധി വലിയ പരീക്ഷകളിൽ വിജയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അതിലൊന്ന് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂളിലെ എംബിഎ വിദ്യാർത്ഥികൾക്കുള്ള അവസാന പരീക്ഷ പാസായതായിരുന്നു. പിന്നീട് നിയമ പരീക്ഷകളിലും മെഡിക്കൽ പരീക്ഷകളിലും മികവ് തെളിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ ചാറ്റ് ജിപിടി യുപിഎസ്ഇ പരീക്ഷയിൽ പരാജയപ്പെട്ടു എന്നതാണ് ഏറ്റവും പുതിയ വാർത്ത. അനലിറ്റിക്സ് ഇന്ത്യ മാഗസിനാണ് (എഐഎം) ഈ പരീക്ഷണം നടത്തിയത്. 2022 ലെ യുപിഎസ്ഇ പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ഒന്നിലെ നൂറ് ചോദ്യങ്ങളാണ് എ.ഐ.എം. ചാറ്റ് ജിപിടിയോട് ചോദിച്ചത്. 54 ചോദ്യങ്ങൾക്ക് മാത്രമാണ് ശരിയായ ഉത്തരം ലഭിച്ചത്. 87.54 ആയിരുന്നു കട്ട് ഓഫ് സ്കോർ.
ഇന്ത്യയിലെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സംഭവങ്ങൾ, ചരിത്രം, ഭൂമിശാസ്ത്രം, സമ്പദ് വ്യവസ്ഥ, ശാസ്ത്രം, പരിസ്ഥിതി എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങൾ. ഇതിൽ ഓപ്ഷനുകൾ നല്കിയിട്ടില്ലാത്ത ചോദ്യങ്ങൾക്ക് ‘ ഇവയില്‍ ഒന്നുമല്ല’ എന്ന ഉത്തരമായിരുന്നു ചാറ്റ് ജിപിടി നല്കിയത്.