കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടുത്തത്തെ തുടർന്നുണ്ടായ കടുത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമന സേനാംഗങ്ങൾ ചികിത്സ തേടി. ഛർദ്ദി, ശ്വാസതടസ്സം, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും ചികിത്സ തേടിയതെന്ന് ജില്ലാ ഫയർ ഓഫീസർ എം കെ സതീശൻ പറഞ്ഞു. വൈകുന്നേരത്തോടെ 80 ശതമാനം തീയും അണയ്ക്കാനാകും. വിഷപ്പുകയും കാറ്റുമാണ് തീ അണയ്ക്കുന്നതിനുള്ള തടസ്സങ്ങൾ. 25 യൂണിറ്റുകളിലായി 150 ഓളം ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു ആസ്ഥാനമായുള്ള സോണ്‍ടാ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് വർഷങ്ങളായി ബ്രഹ്മപുരത്ത് കിടക്കുന്ന ടൺ കണക്കിന് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള കരാർ നൽകിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ബയോ മൈനിങ് നടത്തണമെന്നായിരുന്നു ഒമ്പത് മാസത്തെ കരാറിൽ പറഞ്ഞിരുന്നത്. കരാർ തുകയായ 55 കോടിയിൽ 14 കോടി രൂപ കമ്പനിക്ക് ലഭിച്ചു. കരാർ കാലാവധി കഴിഞ്ഞിട്ടും മാലിന്യസംസ്കരണം എങ്ങുമെത്തിയിട്ടില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. ബയോ മൈനിങിൽ മുൻ പരിചയമില്ലാത്ത കമ്പനിക്ക് കരാർ നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.
വിജിലൻസ് അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് തീപിടിത്തത്തിന് പിന്നിലെന്ന് മുൻ മേയർ ടോണി ചമ്മിണി പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അട്ടിമറി ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും കൊച്ചി കമ്മീഷണർ കെ സേതുരാമൻ പറഞ്ഞു. തീ അണയ്ക്കുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും ആവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. പുക മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും വിലയിരുത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.