Breaking News

മൊബൈല്‍ ആപ്പിലൂടെ വായ്പ ഓഫറുകള്‍ വരുന്നുണ്ടോ… ശ്രദ്ധിക്കണം ഇതിന് പിന്നിലെ വലിയ തട്ടിപ്പുകളും

മൊബൈല്‍ ആപ്പുകള്‍ വഴി വായ്പകള്‍ നല്‍കുന്ന ധാരാളം സ്ഥാപനങ്ങളുണ്ട്. പേപ്പര്‍ വര്‍ക്കുകള്‍ കുറവാണെന്നും എളുപ്പം വായ്പ ലഭിക്കുമെന്നും ഉള്‍പ്പെടെ നിരവധി ഓഫറുകളും ഇവര്‍ മുന്നോട്ട് വയ്ക്കും. എന്നാല്‍, ഇത്തരം വായ്പകള്‍ വേ​ഗത്തില്‍ ലഭിക്കുമെന്ന് കരുതി ഒന്നും നോക്കാതെ വായ്പ എടുക്കരുത്. നിരവധി ചതിക്കുഴികള്‍ ഇവയില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരം വായ്പകള്‍ക്ക് അപേക്ഷിക്കുകയോ വായ്പ എടുക്കുകയോ ചെയ്യുന്നതിന് മുന്‍പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും മാത്രമേ നിയമപരമായി വായ്പ നല്‍കാന്‍ സാധിക്കൂ. മൊബൈല്‍ ആപ്പുകളും പോര്‍ട്ടലുകളും ഉപയോഗിച്ച്‌ വായ്പ വിതരണം ചെയ്യാന്‍ ആര്‍ബിഐയുടെ അം​ഗീകാരം ആവശ്യമാണ്. വായ്പ വാഗ്‌ദാനം ചെയ്യുന്ന മൊബൈല്‍ ആപ്പുകളും പോര്‍ട്ടലുകളും ഏതു സ്ഥാപനത്തില്‍ നിന്നാണ് വായ്പ ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കണം.

വായ്പ ലഭ്യമാകാന്‍ വളരെ എളുപ്പമാണ് എന്നത് ഇത്തരം വായ്പകള്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ പലിശ വലിയ രീതിയില്‍ വര്‍ധിപ്പിക്കും. ആറുമാസത്തിനുള്ളില്‍ തുക ഇരട്ടിയോ അതിലധികമോ ആകും. പലിശ നിരക്കും പലിശ കണക്കാക്കുന്ന രീതികളും മറ്റ് ഫീസുകള്‍ ഈടാക്കുന്നതും ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ പരാതിപ്പെടാം.

മൊബൈല്‍ ആപ്പിലൂടെ വായ്പ അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റി കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആപ് ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ തന്നെ ഫോണിലുള്ള വിവരങ്ങള്‍ മുഴുവന്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കരുത്. ഏത് ബാങ്കാണ് അല്ലെങ്കില്‍ ഏത് ധനകാര്യസ്ഥാപനമാണ് വായ്പ ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കണം.

ഏത് സ്ഥാപനമാണെന്ന് വ്യക്തമാകാതെ വായ്പ വാങ്ങരുത്. ദിവസക്കണക്കിനോ മാസക്കണക്കിനോ പറയുന്ന പലിശ നിരക്കുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ എത്ര വരുമെന്ന് മനസ്സിലാക്കണം. പലിശ കണക്കുകൂട്ടുന്ന രീതിയും പിഴപ്പലിശയും മറ്റ് ഫീസുകളും എത്രയാണെന്ന് തിരിച്ചറിയണം. വായ്പാ കരാറിന്റെ കോപ്പി പരിശോധിച്ച്‌ വ്യക്തിഗത വിവരങ്ങള്‍ അനുവാദമില്ലാതെ ദുരുപയോഗപ്പെടുത്തില്ലെന്ന് ഉറപ്പാക്കണം.

വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ഇടപാടുകളും പെരുമാറ്റങ്ങളും പരിശോധിച്ച്‌ ഓരോരുത്തരുടെയും ബന്ധങ്ങളും സാമ്ബത്തിക സ്വഭാവവും അവലോകനം ചെയ്താണ് ആപ്പുകള്‍ വായ്പ അനുവദിക്കുന്നത്. നിര്‍മിത ബുദ്ധി, ബിഗ് ഡേറ്റ വിശകലനം തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളാണ് ഇതിനായി ഇത്തരം ഇടപാടുകാര്‍ ഉപയോഗപ്പെടുത്തുന്നത്.

ക്രെഡിറ്റ് സ്കോര്‍ ഇല്ലെങ്കിലും കോണ്ടാക്‌ട് ലിസ്റ്റ് വായ്പാസ്ഥാപനത്തിന് കൈമാറിയാല്‍ വായ്പ ലഭിക്കും. എന്നാല്‍ പണം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നാല്‍, അടുത്ത സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും സന്ദേശം അയക്കും. സമൂഹത്തില്‍ മാന്യന്മാരായ നിങ്ങളുടെയൊക്കെ ജാമ്യത്തില്‍ ഇന്നയാള്‍ പണം കടം വാങ്ങി സാമ്ബത്തിക തിരിമറി നടത്തിയിരിക്കുന്നെന്ന രീതിയിലായിരിക്കും സന്ദേശങ്ങള്‍ പ്രചരിക്കുക. അതിനാല്‍ വായ്പ ആപ്പുകള്‍ വഴി വായ്പ എടുക്കുമ്ബോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …