തൊടുപുഴ: തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായി ആരോപണം. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടിയുമായി മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.
വണ്ണപ്പുറം സ്വദേശി നിജിൻ രാജേഷ് (12) ആണ് സൈക്കിളിൽ നിന്ന് വീണ് തോളിന് ഗുരുതരമായി പരിക്കേറ്റത്. ഡ്യൂട്ടി ഡോക്ടർ എക്സ്-റേ എടുക്കാൻ ആവശ്യപ്പെട്ടു. പക്ഷേ എക്സ്-റേ എടുത്തുവന്നപ്പോൾ മറ്റൊരു ഡോക്ടറാണ് പരിശോധിച്ചത്. തോളെല്ലിന് പൊട്ടലുണ്ടെന്നും സ്ഥിരീകരിച്ചു. എന്നാൽ ഡോക്ടർ 5,000 രൂപ ആവശ്യപ്പെട്ടെന്നാണ് മാതാപിതാക്കളുടെ പരാതി. പണമില്ലെന്ന് അറിയിച്ചപ്പോൾ ഇറക്കി വിട്ടെന്നും ഇവർ ആരോപിച്ചു.
മാതാപിതാക്കൾ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. അതേസമയം ചികിത്സ നിഷേധിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി വ്യക്തമാക്കി.