സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മഡ്രിഡിന്‍റെ പരിശീലകനെന്ന നിലയിൽ പുതു ചരിത്രം രചിച്ച് ഡീഗോ സിമിയോണി. കഴിഞ്ഞ ദിവസം സെവിയ്യയ്ക്കെതിരായ ലാ ലിഗ മത്സരത്തിലൂടെ ക്ലബ്ബിന്‍റെ ഏറ്റവും കൂടുതൽ മത്സരത്തിൻ്റെ പരിശീലകനെന്ന റെക്കോർഡാണ് സിമിയോണി നേടിയെടുത്തത്.
മെട്രോപോളിറ്റാനയിൽ നടന്ന മത്സരത്തിൽ 6-1 എന്ന സ്കോറിനാണ് അത്ലറ്റികോ ജയിച്ചത്. അത്ലറ്റിക്കോ പരിശീലകനെന്ന നിലയിൽ സിമിയോണിയുടെ 613-ാം മത്സരമായിരുന്നു ഇത്. 612 മത്സരങ്ങളിൽ ക്ലബ്ബിനെ പരിശീലിപ്പിച്ച ലൂയിസ് അരഗോനാസിന്‍റെ റെക്കോർഡാണ് അർജന്‍റീന പരിശീലകൻ സിമിയോണി മറികടന്നത്.
2011ലാണ് അത്ലറ്റിക്കോ പരിശീലകനായി സിമിയോണി ചുമതലയേറ്റത്. അത്ലറ്റിക്കോയെ യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാക്കി മാറ്റാൻ സിമിയോണിക്ക് കഴിഞ്ഞു. റയൽ മാഡ്രിഡും ബാഴ്സയും ഏറ്റുമുട്ടുന്ന സമയത്താണ് അത്ലറ്റികോയ്ക്ക് രണ്ട് ലാ ലിഗ കിരീടങ്ങൾ നേടാൻ കഴിഞ്ഞത്. സിമിയോണിക്ക് കീഴിൽ അത്ലറ്റികോ ഒരു കോപ്പ ഡെൽ റെയും രണ്ട് യൂറോപ്പ ലീഗ് കിരീടങ്ങളും നേടി. രണ്ട് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ അത്ലറ്റിക്കോയെ സഹായിച്ചതും സിമിയോണിയാണ്.