ന്യൂഡല്‍ഹി: ഗർഭകാലത്ത് തന്നെ ശിശുക്കൾക്ക് സംസ്കാരവും മൂല്യങ്ങളും വളർത്തിയെടുക്കുന്നതിനായി ആർ .എസ്.എസിന്‍റെ വനിതാ വിഭാഗമായ സംവര്‍ധിനി ന്യാസ് ‘ഗർഭസംസ്കാർ’ എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സംവര്‍ധിനി ന്യാസിന്റേ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി മാധുരി മറാത്തെയാണ് ഇക്കാര്യം അറിയിച്ചത്.
ഗൈനക്കോളജിസ്റ്റുകൾ, ആയുർവേദ ഡോക്ടർമാർ, യോഗ പരിശീലകർ എന്നിവരടങ്ങുന്ന സംഘം രൂപവത്കരിച്ചാണ് ഗര്‍ഭ സംസ്‌കാര്‍ നടപ്പിലാക്കുന്നത്. യോഗ പരിശീലനത്തിനൊപ്പം ഗീത പാരായണം രാമായണ പാരായണം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഗർഭ സംസ്കാർ. ഗർഭധാരണം മുതൽ കുട്ടികൾക്ക് രണ്ടു വയസ്സ് തികയുന്നതുവരെ പരിശീലന പരിപാടി തുടരും. രാമായണത്തിലെ കാവ്യങ്ങൾ, ഗീതാ ശ്ലോകങ്ങൾ എന്നിവയുടെ പരായണത്തിന് പ്രാധാന്യം നല്‍കിയായിരിക്കും പരിശീലനമെന്നും, ഗര്‍ഭസ്ഥശിശുവിന് 500 വാക്കുകള്‍ വരെ ഹൃദിസ്ഥമാക്കാന്‍ സാധിക്കുമെന്നും മാധുരി മറാത്തെ പറഞ്ഞു.
കുറഞ്ഞത് 1,000 സ്ത്രീകളിലേക്ക് പരിശീലന പരിപാടി എത്തിക്കാനാണ് സംവര്‍ധിനി ന്യാസ് പദ്ധതിയിടുന്നത്. പരിപാടിയുടെ ഭാഗമായി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സംവര്‍ധിനി ന്യാസിന്റേ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഗൈനക്കോളജിസ്റ്റുകൾ ഉൾപ്പടെ വര്‍ക്ക്‌ഷോപ്പിൽ പങ്കെടുത്തു.