മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി നോക്കൗട്ട് മത്സരവുമായി ബന്ധപ്പെട്ട വിവാദങ്ങളും പരാതികളും ചർച്ച ചെയ്യാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. കേരള ബ്ലാസ്റ്റേഴ്സിന്‍റെയും ബെംഗളൂരു എഫ്സിയുടെയും വാദം കേട്ട ശേഷമാകും അച്ചടക്ക സമിതി തീരുമാനമെടുക്കുക. അച്ചടക്ക സമിതി ഇരു ടീമുകളോടും വിശദീകരണം തേടിയിരുന്നു.
മത്സരം വീണ്ടും നടത്തണമെന്നും റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടിരുന്നു. ഇതും അച്ചടക്ക സമിതിയിൽ ചർച്ചയാകും. റഫറി ക്രിസ്റ്റൽ ജോണിന്‍റെ പിഴവുകളെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ഫെഡറേഷന് വിശദമായ പരാതി നൽകിയിട്ടുണ്ട്. ഫ്രീകിക്കിന് മുമ്പ് റഫറി ക്യാപ്റ്റൻ അഡ്രിയാൻ ലൂണയോട് നീങ്ങി നിക്കാൻ ആവശ്യപ്പെട്ടതായും അതിനാൽ ക്വിക്ക് ഫ്രീ കിക്ക് അനുവദിക്കാൻ കഴിയില്ലെന്നുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ നിലപാട്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ സുനിൽ ഛേത്രി ക്വിക്ക് ഫ്രീകിക്കിലൂടെ ഗോൾ നേടിയെന്ന് ബെംഗളൂരു എഫ്സി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഗോൾ നൽകിയ റഫറിയുടെ തീരുമാനം യുക്തിരഹിതമാണെന്നും കേരള ബ്ലാസ്റ്റേഴ്സ് അവകാശപ്പെട്ടു. വിവാദ ഗോളിനെക്കുറിച്ചോ അച്ചടക്ക നടപടികളെക്കുറിച്ചോ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോ (എഐഎഫ്എഫ്) ഐഎസ്എൽ അധികൃതരോ പ്രതികരിച്ചിട്ടില്ല.
NEWS 22 TRUTH . EQUALITY . FRATERNITY