കുവൈത്ത് സിറ്റി: ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിനെ വീണ്ടും കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി.
പാർലമെന്‍റുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ജനുവരിയിൽ രാജിവച്ചിരുന്നു. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് അമീറിന്‍റെ മകൻ ഷെയ്ഖ് അഹമ്മദ് നവാഫ് പ്രധാനമന്ത്രിയാകുന്നത്. കുവൈത്ത് പൗരൻമാരുടെ വ്യക്തിഗത, ഉപഭോക്തൃ വായ്പകൾ സർക്കാർ ഏറ്റെടുക്കാൻ നിർദ്ദേശിക്കുന്ന കരട് ബില്ലിനെ പറ്റിയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയാണ് ഷെയ്ഖ് അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കാനുണ്ടായ കാരണം.