Breaking News

ന്യൂയോർക്കിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജയായ യുവതി മരിച്ചു. റോമ ഗുപ്ത (63) ആണ് മരിച്ചത്. ഇവരുടെ മകൾ റീവ ഗുപ്ത (33), പൈലറ്റ് ഇൻസ്ട്രക്ടർ (23) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന നാലു സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനം ഞായറാഴ്ച ലോങ് ഐലൻഡ് ഹോംസിൽ തകർന്നു വീഴുകയായിരുന്നു. ലോങ് ഐലൻഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ കോക്പിറ്റിൽ നിന്ന് പുക ഉയരുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു.

ആളുകൾ വിമാനം പറപ്പിക്കുന്നത് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നറിയാനുള്ള എക്സിബിഷൻ ഫ്ലൈറ്റിനിടെയാണ് അപകടമുണ്ടായതെന്ന് വിമാനത്തിന്‍റെ ഉടമസ്ഥരായ ഡാനി വൈസ്മാൻ ഫ്ലൈറ്റ് സ്കൂളിന്‍റെ അഭിഭാഷകൻ പറഞ്ഞു. പൈലറ്റിന് എല്ലാ റേറ്റിങ്ങുകളും സർട്ടിഫിക്കേഷനുകളും ഉണ്ടായിരുന്നെന്നും അപകടത്തിൽപ്പെട്ട വിമാനം കഴിഞ്ഞ ആഴ്ച രണ്ട് കഠിനമായ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതാണെന്നും കമ്പനിയുടെ അഭിഭാഷകൻ പറഞ്ഞു.

സൗത്ത് ഷോർ ബീച്ചിനു മുകളിലൂടെ പറക്കുന്നതിനിടെയാണ് പൈലറ്റിന്‍റെ ക്യാബിനിൽ നിന്ന് പുക ഉയർന്നതെന്ന് സഫോക്ക് കൗണ്ടി പോലീസ് പറഞ്ഞു. തുടർന്ന് റിപ്പബ്ലിക് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളർമാർക്ക് റേഡിയോ സന്ദേശം അയച്ചെങ്കിലും വിമാനം തകർന്നുവീഴുകയായിരുന്നു. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …