മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിലെ പ്ലേ ഓഫ് മത്സരത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഉയർത്തിയ പ്രതിഷേധം തള്ളി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇന്നലെ ചേർന്ന ഫെഡറേഷന്‍റെ അച്ചടക്ക സമിതിയുടെ അടിയന്തര യോഗത്തിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിഷേധം തള്ളാൻ തീരുമാനിച്ചത്.
പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഗോൾ അനുവദിക്കാനാവില്ലെന്നും ഇത് റഫറിയുടെ പിഴവാണെന്നും ആരോപിച്ച്
ബ്ലാസ്റ്റേഴ്സ് മൈതാനം വിട്ടിരുന്നു. ഇതേതുടർന്ന് മത്സരം വീണ്ടും നടത്തണമെന്നും റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് പരാതി നൽകി. ഇന്നലെ ചേർന്ന വൈഭാഗ് ഗാഗറിൻ്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ പരാതി തള്ളാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഇന്ന് പുറത്തിറക്കിയേക്കും.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം റഫറിയുടെ തീരുമാനം അച്ചടക്ക സമിതിക്ക് മാറ്റാൻ കഴിയില്ലെന്ന് ഒരു ഉന്നതൻ അറിയിച്ചു. റഫറിക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ലെന്നും ഐഎഫ്എബി റൂൾ ബുക്ക് അനുസരിച്ച് റഫറി തെറ്റായ തീരുമാനമെടുത്തിട്ടില്ലെന്നും അച്ചടക്ക സമിതി നിരീക്ഷിച്ചു.