കൊച്ചി: ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിൽ ഇപ്പോൾ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് അഭിഭാഷകൻ സൈബി ജോസിനോട് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും, അറസ്റ്റ് ഭയക്കുന്നുണ്ടെങ്കിൽ നിയമത്തിൻ്റെ വഴിയിലൂടെ അതിനെ നേരിടാൻ ശ്രമിക്കണമെന്നും, അന്വേഷണം തടയണമെന്ന ആവശ്യം ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചേരാനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ അഡ്വക്കേറ്റ് സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഈ മാസം 21ന് പരിഗണിക്കും.
അഡ്വക്കേറ്റ് സൈബി ജോസിനെതിരെ ചേരാനല്ലൂർ പൊലീസ് വഞ്ചന കേസാണെടുത്തത്. കേസിൽ നിന്ന് പിൻമാറാൻ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു വഞ്ചിച്ചെന്നാണ് പരാതി. കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ ഭാര്യയുടെ വക്കീലാണ് സൈബി. കുടുംബ കോടതിയിൽ ഭാര്യ നൽകിയ കേസ് പിൻവലിക്കാം എന്ന് പറഞ്ഞ് പണം വാങ്ങുകയും പിന്നീട് കേസ് പിൻവലിക്കാതിരിക്കുകയും ചെയ്തപ്പോൾ കേസ് കൊടുക്കുകയായിരുന്നു.