തിരുവനന്തപുരം: സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമ നിർമ്മാണത്തിന് അധികാരമുള്ള കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമ നിർമ്മാണത്തിന് കേന്ദ്രത്തിന്‍റെ അനുമതി ഒഴിവാക്കാൻ സർക്കാർ. ഇതിനായി റൂൾസ് ഓഫ് ബിസിനസ്സിലെ റൂൾ 49 (2) ഒഴിവാക്കാൻ ഗവർണറുടെ അനുമതി തേടി. ഗവർണറുടെ അനുമതി ലഭിച്ചാൽ കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ നിയമം പാസാക്കാം.
റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമം രൂപീകരിക്കുന്നതിന് മുമ്പ് സംസ്ഥാനം ബന്ധപ്പെട്ട കേന്ദ്ര വകുപ്പിന്‍റെ അനുമതി തേടേണ്ടതുണ്ട്. അടിയന്തര വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്രവുമായി കൂടിയാലോചിക്കേണ്ട ആവശ്യമില്ലെന്ന് കാണിച്ച് 2010 ൽ കേന്ദ്രം കത്തെഴുതിയിരുന്നു. എന്നിരുന്നാലും, ഇതുവരെ നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ല. ചട്ടം മാറ്റാൻ നിയമസഭയിലെ റൂൾ കമ്മിറ്റിയുടെ അംഗീകാരം മതിയാകും.
കേന്ദ്രത്തിൽ നിയമമുള്ളതിനാൽ ഇതേ വിഷയത്തിൽ സംസ്ഥാനം നിയമ നിർമ്മാണം നടത്തിയാൽ പൊരുത്തക്കേടുകൾക്ക് സാദ്ധ്യതയുണ്ട്. സൂക്ഷ്മ പരിശോധനയിലൂടെ ഇത് മറികടക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. ഗവർണറുടെ അനുമതിയില്ലാതെ ഇത് നിയമമാകില്ല. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ ചില ബില്ലുകളിൽ തീരുമാനമെടുക്കാത്തത് നിർണായകമാവും.