മസ്കത്ത്: ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി നിര്യാതനായി. 23 വർഷം പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 41 വർഷം വിവിധ പദവികളിൽ രാജ്യത്തെ സേവിച്ചു. അന്തരിച്ച സുൽത്താൻ ഖാബൂസിന്‍റെ ഭരണത്തിൽ 1997 ൽ അദ്ദേഹം പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. 2020 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.
1979 മുതൽ 1997 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. നേരത്തെ ഈജിപ്തിലെയും ജോർദാനിലെയും അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജപ്പാനും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിന് മികച്ച സംഭാവനകൾ നൽകിയതിന് ജപ്പാനിൽ നിന്നുള്ള ഓർഡർ ഓഫ് ദി റൈസിംഗ് സൺ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.