ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി യുകെയിൽ എത്തുന്നവരെ തടങ്കലിലാക്കും. ആഴ്ചകൾക്കുള്ളിൽ അവരെ ഇവിടെ നിന്ന് മാറ്റും. സ്വന്തം രാജ്യത്തേക്ക് പോകാൻ കഴിയുമെങ്കിൽ അവിടേക്കോ അല്ലെങ്കിൽ റുവാണ്ട പോലെയുള്ള സുരക്ഷിതമായ രാജ്യത്തേക്ക് മാറ്റും. യുഎസിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ യുകെയിലേക്കുള്ള പ്രവേശനം പിന്നീട് നിരോധിക്കുകയും ചെയ്യുമെന്ന് സുനക് ട്വീറ്റ് ചെയ്തു.
‘നിയമവിരുദ്ധ കുടിയേറ്റ ബിൽ’ എന്ന് വിളിക്കുന്ന കരട് നിയമം ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തുന്ന പ്രവണത തടയാനാണ് ലക്ഷ്യമിടുന്നത്. തെക്കുകിഴക്കൻ ഇംഗ്ലണ്ട് തീരത്ത് കഴിഞ്ഞ വർഷം മാത്രം 45,000 ത്തിലധികം കുടിയേറ്റക്കാർ അനധികൃതമായി ബോട്ടുകളിൽ എത്തിയിരുന്നു. 2018 ൽ ഇംഗ്ലണ്ടിലെത്തിയവരേക്കാൾ 60 % കൂടുതൽ ആളുകൾ കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെത്തിയിരുന്നു.
അതേസമയം, പുതിയ നിയമത്തിനെതിരെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ ഇത്തരം സന്ദർശകരെ നാടുകടത്താനുള്ള നീക്കങ്ങൾ യുകെ ആരംഭിച്ചിട്ടുണ്ട്. ചില അഭയാർഥികളെ റുവാണ്ടയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ ജൂണിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി വന്നതോടെ റുവാണ്ടയിലേക്കുള്ള കയറ്റി വിടുന്നത് താൽക്കാലികമായി നിർത്തിവച്ചിരുന്നു.