കൊളംബിയ: സ്കൂളിൽ ഓജോബോർഡ് കളിച്ച് തളർന്ന് വീണ 28 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബിയയിലെ ഗലേറാസ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരുമിച്ചിരുന്ന് ഓജോബോർഡ് കളിച്ചപ്പോൾ ഉത്കണ്ഠയും പരിഭ്രാന്തിയും വർദ്ധിക്കുകയും കുട്ടികൾ ബോധരഹിതരാകുകയും ചെയ്യുകയായിരുന്നു. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ വ്യക്തിഗത വിവരങ്ങളോ നിലവിലെ ആരോഗ്യസ്ഥിതിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉയരുന്നത്. മുമ്പും സ്കൂളിൽ ഓജോബോർഡ് ഉപയോഗിച്ചിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങൾ ചെയ്യാൻ സ്കൂൾ അധികൃതർ വിദ്യാർത്ഥികളെ അനുവദിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എല്ലാ കുട്ടികളിലും ഒരേ രോഗലക്ഷണമാണ് കണ്ടെത്തിയത്. ഉത്കണ്ഠയും പരിഭ്രാന്തിയും വർദ്ധിച്ചതിനാൽ കുട്ടികളുടെ രക്തസമ്മർദ്ദം കുത്തനെ ഉയർന്നതായി ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. ചികിത്സയിലുള്ള രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്.