മുംബൈ: എച്ച്ബിഒയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതിനാൽ ‘ഗെയിം ഓഫ് ത്രോൺസ്’ പോലുള്ള ഷോകൾ ഇനി ഡിസ്നി + ഹോട്ട്സ്റ്റാറിൽ ലഭ്യമാകില്ല. ഡിസ്നി സിഇഒ ബോബ് ഇഗർ കമ്പനിയിൽ ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം.
ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മാർച്ച് 31 മുതൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ എച്ച്ബിഒ ഉള്ളടക്കം ലഭ്യമാകില്ല. 100,000 മണിക്കൂറിലധികം ടിവി ഷോകളും സിനിമകളും ഉൾക്കൊള്ളുന്ന ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലെ വിപുലമായ ലൈബ്രറിയും, ആഗോള കായിക മത്സരങ്ങളും തുടർന്നും ആസ്വദിക്കാം.
എച്ച്ബിഒയുടെ ഗെയിം ഓഫ് ത്രോൺസ് ഉൾപ്പെടെ നിരവധി ജനപ്രിയ ഷോകൾ ഹോട്ട്സ്റ്റാർ വഴിയാണ് ഇന്ത്യയിലെത്തിയത്. അതേസമയം, ഇന്ത്യയിൽ എച്ച്ബിഒ ഉള്ളടക്കവും ഷോകളും ആമസോൺ പ്രൈമിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. എച്ച്ബിഒ മാക്സിൽ വരുന്ന ഡിസി ഷോകളിൽ പലതും ആമസോൺ പ്രൈം വീഡിയോ വഴിയാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. ‘ദി ഫ്ലൈറ്റ് അറ്റൻഡന്‍റ്’, ‘പ്രെറ്റി ലിറ്റിൽ ലയേഴ്സ്: ഒറിജിനൽ സിൻ’ എന്നിവയുൾപ്പെടെ നിരവധി എച്ച്ബിഒ മാക്സ് ഒറിജിനലുകൾ ഇതിനകം പ്രൈമിൽ ലഭ്യമാണ്.