തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 സർവീസിന്റെ നിയന്ത്രണം മുഴുവൻ വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾ ഏറ്റെടുത്തു.
കണ്ട്രോൾ റൂം മാനേജരുടെ ചുമതല മുതൽ, പദ്ധതിയുടെ പ്രധാന ഭാഗമായ എമർജൻസി റെസ്പോൺസ് സെന്ററിന്റെ നിയന്ത്രണം വരെ കഴിഞ്ഞ ദിവസം പെൺകരുത്തിന്റെ കൈകളിലായിരുന്നു.
ടീം ലീഡർ കാർത്തിക ബി.എസ് കണ്ട്രോൾ റൂം മാനേജരുടെ താത്കാലിക ചുമതല ഏറ്റെടുത്തപ്പോൾ, എമർജൻസി റെസ്പോൺസ് ഓഫീസറുടെ ജോലികൾ നിഷ ഇ.എസ്. ഭംഗിയാക്കി. സംസ്ഥാനത്തൊട്ടാകെ സേവനം ലഭിക്കുന്ന 316 ഓളം കനിവ് 108 ആംബുലൻസുകളുടെ വളരെയധികം ശ്രദ്ധയും, ഉത്തരവാദിത്തവുമുള്ള നിയന്ത്രണമാണ് 18 വനിതകൾ ചേർന്ന് രാവിലെ 7 മുതൽ 4 വരെ ഏറ്റെടുത്തത്. ഓരോ അത്യാഹിത ഫോൺ കോളുകളും സസൂഷ്മം ശ്രദ്ധിച്ച് വിവരശേഖരണത്തിന് ശേഷം, ആ പ്രദേശത്ത് കനിവ് ആംബുലൻസ് എത്തിക്കുന്നതിൽ ഇവർ വിജയിച്ചു.