കൊച്ചി: ബ്രഹ്മപുരത്ത് നിന്നുള്ള വിഷപ്പുക ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാൻ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പുറത്തിറങ്ങുമ്പോൾ എൻ 95 മാസ്ക് ധരിക്കാനും നിർദ്ദേശമുണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നിരവധി പേർ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതിനെ തുടർന്നാണ് എട്ടാം ദിവസം ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ആരോഗ്യമുള്ള ആളുകളിൽ സാധാരണയായി അനുഭവപ്പെടുന്ന വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വായു മലിനീകരണ തോത് കൂടുതലുള്ള അപൂർവ സന്ദർഭങ്ങളിൽ, ചില ആളുകൾക്ക് ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിൽ അസ്വസ്ഥത, ചൊറിച്ചിൽ മുതലായവ അനുഭവപ്പെടാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വീടിന്റെ വാതിലും ജനലും തുറന്നിടുന്നത് ഒഴിവാക്കുക, അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, പുറത്തിറങ്ങേണ്ടി വന്നാല്‍ 95 മാസ്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക, വായു മലിനീകരണത്തിന്റെ അളവ് കൂടുതല്‍ മോശമാകാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വീടിനുള്ളില്‍ വിറക് അടുപ്പ് കത്തിക്കുകയോ, പുക വലിക്കുകയോ മറ്റും ചെയ്യാതിരിക്കുക, കെട്ടിടങ്ങളിലെയും വാഹനങ്ങളിലെയും എയർ കണ്ടീഷനറുകളില്‍ പുറത്തെ മലിനമായ വായുവുമായുള്ള സമ്പർക്കം ഒഴിവാക്കാൻ “റീ സർക്കുലേറ്റ്” മോഡ് ഉപയോഗിക്കുക, ധാരാളം ഫ്രൂട്ട്സ് കഴിക്കുക, വെള്ളം നന്നായി കുടിക്കുക, ശ്വാസതടസം, ചുമ, നെഞ്ചിലെ അസ്വസ്ഥത/വേദന, തലകറക്കം, തലവേദന, മുതലായവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുക തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.