Breaking News

സദാചാര കൊലപാതകം; പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയെന്ന് സഹറിൻ്റെ കുടുംബം

തൃശൂർ: തൃശൂരിൽ സദാചാര ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബം പൊലീസിനെതിരെ രംഗത്ത്. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയെന്ന് സഹറിന്‍റെ സഹോദരി ആരോപിച്ചു. സംഭവത്തിന് ശേഷം ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തങ്ങിയെന്നും സഹറിന്‍റെ മരണശേഷം പ്രതികളെല്ലാം ഒളിവിലാണെന്നും കുടുംബം ആരോപിച്ചു.

ആൾക്കൂട്ട ആക്രമണത്തിന് ശേഷം പ്രതികൾ ഒരാഴ്ച നാട്ടിലുണ്ടായിട്ടും പൊലീസ് അനങ്ങിയില്ല. പണം വാങ്ങി പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചതായി സംശയിക്കുന്നുവെന്നും സഹറിന്‍റെ സഹോദരി പറഞ്ഞു. കുറ്റം ചെയ്തവരെ നമ്മൾ തന്നെ പിടി കൂടണമെങ്കിൽ പിന്നെ എന്തിനാണ് പൊലീസ്? സംഭവം നടന്ന് നാലോ അഞ്ചോ ദിവസം പ്രതികൾ നാട്ടിലുണ്ടായിരുന്നു. തൊട്ടടുത്ത വീട്ടിലെ കല്യാണത്തിൽ പങ്കെടുത്തു. കേരള പൊലീസിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടു. കുടുംബം കേസുമായി സഹകരിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞത്. കേസ് അന്വേഷിക്കേണ്ടത് പൊലീസാണ്. നീതി ലഭിക്കണമെന്നും അല്ലാത്തപക്ഷം പൊലീസ് സഹോദരനെ തിരിച്ച് തരട്ടെയെന്നും സഹോദരി പറഞ്ഞു. മകനെപ്പോലെ കരുതിയവരാണ് കൊലയാളികളെന്ന് സഹറിന്‍റെ ഉമ്മ പറഞ്ഞു. 

18ന് രാത്രി വൈകി വീട്ടിലെത്തിയ മകൻ അതിരാവിലെ വയറു വേദനിക്കുന്നെന്ന് നിലവിളിച്ച് കരഞ്ഞതോടെയാണ് ഈ ഉമ്മയുടെ പോരാട്ടം തുടങ്ങിയത്. 17 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ച നിലയിലാണ് മകനെ അവർക്ക് ലഭിച്ചത്. കുട്ടിക്കാലം മുതൽ കൂടെയുണ്ടായിരുന്നവരാണ് മകനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് ഉമ്മ പറയുന്നത്. രാഹുലിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പരാതി നൽകിയ ശേഷവും പ്രദേശത്തെ വിവാഹ ചടങ്ങുകളിൽ പ്രതികൾ സജീവമായി പങ്കെടുത്തിരുന്നുവെന്ന് സഹോദരി പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …