കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച മോണിറ്ററിംഗ് കമ്മിറ്റി ഇന്ന് സ്ഥലം സന്ദർശിക്കും. ശുചിത്വമിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10ന് സ്ഥലത്തെത്തും. തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എൻജിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. ബ്രഹ്മപുരം പ്രശ്നം പരിഹരിക്കാൻ ഇന്ന് മുതൽ പുതിയ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ബ്രഹ്മപുരം പ്ലാൻ്റിന് മുന്നിൽ പുലർച്ചെയും പ്രതിഷേധം നടന്നു. അമ്പതോളം മാലിന്യ വണ്ടികൾ പ്ലാന്റിൽ എത്തിച്ചപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധത്തിനിറങ്ങിയത്. തുടർന്ന് പൊലീസ് സംരക്ഷണയിൽ ലോറികൾ പ്ലാന്റിലെത്തിച്ചു. കൊച്ചി നഗരത്തിൽ നിന്നുള്ള മാലിന്യമാണ് പ്ലാൻ്റിലെ തീ പിടിക്കാത്ത സ്ഥലത്ത് നിക്ഷേപിക്കാൻ കൊണ്ട് വന്നത്. പ്രതിഷേധത്തെ തുടർന്ന് അമ്പലമേട്ടിൽ മാലിന്യം എത്തിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ബ്രഹ്മപുരത്ത് എത്തിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് മഹാരാജാസ് കോളേജ് പരിസരത്ത് നിന്ന് മാലിന്യങ്ങളുമായി ലോറികൾ പ്ലാന്റിൽ എത്തിച്ചത്. തരംതിരിക്കാതെയാണ് മാലിന്യം കൊണ്ടുവന്നതെന്ന് നാട്ടുകാർ ആരോപിച്ചു.