ന്യൂഡൽഹി : ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമി ഇന്ത്യൻ വ്യോമസേനയുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ ഉത്തരവാദിത്തത്തിലേക്ക്. പടിഞ്ഞാറൻ മേഖലയിലെ മുന്നണി പോരാളികളുടെ യൂണിറ്റിന്റെ തലപ്പത്തേക്കാണ് ഷാലിസ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് ഷാലിസ എന്നതും ശ്രദ്ധേയം. പാകിസ്ഥാൻ അതിർത്തിയായ പടിഞ്ഞാറൻ മേഖലയിലെ മിസൈൽ സ്ക്വാഡ്രന്റെ കമാൻഡിംഗ് ഓഫീസറായി ഒരു വനിത എത്തുന്നത് അങ്ങേയറ്റം പ്രശംസ അർഹിക്കുന്ന കാര്യമാണ്.
പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ഷാലിസ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയിട്ടുണ്ട്. 2003 ൽ ഹെലികോപ്റ്റർ പൈലറ്റ് ആയാണ് വ്യോമസേനയിലേക്കുള്ള അവരുടെ കടന്നുവരവ്. 2800 മണിക്കൂറിലധികം പറന്നതിന്റെ അനുഭവ സമ്പത്തും ഷാലിസക്കുണ്ട്.