ദില്ലി: സ്വവർഗ വിവാഹം സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടിനോട് യോജിച്ച് ആർഎസ്എസ്. വിവാഹം ഒരു സംസ്കാരമാണെന്നും അത് വെറുമൊരു ആഘോഷമല്ലെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. ഹിന്ദു ആചാരപ്രകാരം വിവാഹം ലൈംഗിക ആസ്വാദനത്തിനോ കരാറിനോ വേണ്ടി മാത്രമല്ലെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ദത്താത്രേയ ഹൊസബലേ ചൂണ്ടിക്കാട്ടി.
സ്വവർഗ വിവാഹം ഇന്ത്യയിലെ വിവാഹത്തിനും കുടുംബ സങ്കൽപ്പത്തിനും വിരുദ്ധമാണെന്നായിരുന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. വിവാഹം എന്ന ആശയം തന്നെ വ്യത്യസ്ത ലിംഗങ്ങളിലുള്ള ആളുകളുടെ കൂടിച്ചേരലാണ്. ഇന്ത്യയിൽ വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങൾ മതപരവും സാമൂഹികവും സാംസ്കാരികവുമായ ആശയങ്ങളെയും ആചാരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. അവയെ ദുർബലപ്പെടുത്തുകയും മാറ്റുകയും ചെയ്യുന്ന വ്യാഖ്യാനങ്ങളിലേക്ക് കോടതികൾ പോകരുത്. സ്വവർഗ ലൈംഗികത നിയമവിധേയമാക്കിയതുകൊണ്ട് മാത്രം സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് പറയാനാവില്ലെന്നും കേന്ദ്രം വാദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.