തിരുവനന്തപുരം: സോൺട കമ്പനിക്ക് ആരും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബ്രഹ്മപുരത്ത് സംഭവിച്ചതിനു പിന്നിലുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കും. കമ്പനിയെ നോക്കിയല്ല സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സോൺട കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ആവശ്യമാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നടപടികളുടെ ഭാഗമായി കമ്പനി എംഡിയെ വിളിച്ചു വരുത്തും. കരാറിൽ മാറ്റം വരുത്തുന്ന കാര്യവും പരിഗണനയിലാണെന്നും മേയർ പറഞ്ഞു. ഞെളിയൻപറമ്പിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം അടിയന്തരമായി നീക്കം ചെയ്യാൻ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇവിടെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും മേയർ പറഞ്ഞു.