‘തെറ്റിയാ കൊഴപ്പമുണ്ടോ?’
‘ങാ, വല്ല്യ കുഴപ്പമാ, ഓരോരുത്തരെയായി 38 പേരെയും പുഴുങ്ങിയെടുത്ത് വിഴുങ്ങും. ഒരു കുട്ടുകത്തിൽ വെള്ളം റെഡിയാക്കി വെച്ചിട്ടുണ്ട്….’ .
8H ലെ കുട്ടികളോട്, ‘ഇന്ന് രാവിലെ നിങ്ങൾ എഴുന്നേറ്റപ്പോൾ മുതൽ ഇപ്പോൾ വരെ കണ്ടതും കേട്ടതും ചെയ്തതും ഒക്കെ ഇംഗ്ലീഷിൽ എഴുതിത്തരാമോ?’ എന്ന് ചോദിച്ചതിന് ചില കുട്ടികളുടെ പ്രതികരണവും ടീച്ചറുടെ മറുപടിയുമാണ് മുകളിൽ വായിച്ചത്.
കുട്ടികളുടെ ഈ ചോദ്യം ഇതാദ്യമായിട്ടല്ല കേൾക്കുന്നത്, ഒരേയൊരു ക്ലാസ്സിൽ നിന്നും മാത്രവുമല്ല. ഏത് കുട്ടികളോടും എന്തെങ്കിലും പറയാനോ എഴുതാനോ ആവശ്യപ്പെട്ടാൽ ആദ്യത്തെ ചോദ്യം ഇതാണ്. ‘അറിയാവുന്നത് പോലെ എഴുതിയ മതിയല്ലോ, ടീച്ചറേ….’ എന്നത് മറ്റൊരു ചോദ്യവും. (നിനക്കറിയാത്തത് നീ എങ്ങനെ എഴുതും മക്കളേ… എന്ന് ടീച്ചറുടെ സ്വഗതം.) മുകളിൽ വായിച്ച മറുപടി അല്ല സാധാരണ പറയാറ്.
‘ഒരു കുഴപ്പവുമില്ല ധൈര്യമായി എഴുതിക്കോ’, ‘എന്ത് തെറ്റ് വന്നാലും ഞാൻ സഹിച്ചു’, ‘വേറെ ആരെയും കാണിക്കില്ല’ ഇതൊക്കെയാണ് സാധാരണയായി ടീച്ചർ പറയുക. ഒന്നര വർഷമായി എന്നെ നന്നായി അറിയുന്ന, തെറ്റിപ്പോയാലും വഴക്കു പറയുകയോ ശിക്ഷിക്കുകയോ ചെയ്യില്ല എന്ന് വ്യക്തമായി അറിയുന്ന, ഞാൻ ക്ലാസ്സ് ടീച്ചറായ ക്ലാസ്സിലെ കുട്ടികൾ പോലും ഇപ്പോഴും ചോദിക്കും, വാക്യഘടന ഒന്ന് മാറുമെന്നേയുള്ളൂ, ‘തെറ്റിയാ കൊഴപ്പമില്ലല്ലോ’ എന്നാണ് അവർ ചോദിക്കുക. ആ ചോദ്യം ഒഴിവാക്കാൻ അവർക്ക കഴിയുന്നില്ല.
അത്രയ്ക്കും അവരുടെ തലച്ചോറിന്റെ, ചിന്തയുടെ, ഭാഗമായി മാറിയിരിക്കുന്നു ആ പേടി! നമ്മുടെ കുട്ടികൾ തെറ്റിപ്പോകുന്നതിനെ ഇത്രയധികം പേടിക്കുന്നത് എന്തുകൊണ്ടാണ്? ‘തെറ്റിപ്പോകലും പഠനത്തിന്റെ ഭാഗം തന്നെയാണ് ‘ എന്ന് തിരിച്ചറിവ് നാല് കൂട്ടർക്ക് ഇല്ലാത്തതുകൊണ്ടാണ്. അധ്യാപകർ, രക്ഷിതാക്കൾ, സമൂഹം, കുട്ടികൾ എന്നിവരാണ് ആ നാലുകൂട്ടർ. പല കുട്ടികളും തെറ്റി പോയാലോ എന്ന് പേടിച്ച് ശ്രമിക്കാൻ പോലും തയ്യാറാകുന്നില്ല.
ക്ലാസ്സിൽ സ്വന്തമായി ചെയ്യാൻ , എഴുതാൻ, പറയാൻ ഉള്ള പ്രവർത്തനം കൊടുത്തിട്ട് കുട്ടികളെ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും ‘ഇതെന്നെ ബാധിക്കുന്നതേ അല്ല’ എന്ന മട്ടിൽ ഇരിക്കന്നവരെ. സത്യത്തിൽ അവർ അഹങ്കാരമോ ധിക്കാരമോ ഒന്നും കാണിക്കുന്നതല്ല, മറിച്ച് പേടികാരണം അവരുടെ തലച്ചോർ ബ്ലാങ്കായി പോകുന്നതാണ്. അവർക്ക് ചിന്തിക്കാൻ കഴിയില്ല, എന്തോ ഒരു കറുപ്പ് വന്ന് മനസ്സ് മൂടുംപോലെ തോന്നും, പിന്നെ ഒന്നും ആലോചിക്കാൻ കഴിയില്ല.
( ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്, ചില കുട്ടികളും ഇതുതന്നെ പറഞ്ഞിട്ടുണ്ട്). തെറ്റിപ്പോയാലോ എന്ന പേടിയാണ് മനസ്സിനെ മൂടുന്ന ആ കറുപ്പ്!!! ഓർക്കണേ, ഈ പേടി വിറയലായോ, വിയർപ്പായോ, പരിഭ്രമമായോ നമുക്ക് കാണാൻ കഴിയില്ല, മറിച്ച് നിസംഗതയോ, കുത്തിവരക്കലോ, സംസാരിക്കലോ, ഡസ്കിലെ താളംപിടിക്കലോ, പേന കറക്കലോ ഒക്കെയായാണ് പ്രത്യക്ഷമാകുന്നത്. തെറ്റിപ്പോകുന്നതിനെ കുറിച്ചുള്ള ഈ പേടി നോട്ട് ബുക്കിലെ ചുവന്ന മഷിയിൽ വീണ ആ തെറ്റ് അടയാളങ്ങളിൽ നിന്ന് തുടങ്ങിയതാണ്.
കുട്ടി എന്തെഴുതിയാലും പറഞ്ഞാലും അതിലെ ഓരോ തെറ്റും കണ്ടെത്തി ചുവന്ന മഷിയിൽ വട്ടമിട്ട് ശരിയായത് അവിടെ ചുവന്ന മഷിയിൽ തന്നെ എഴുതിച്ചേർത്ത് കഴിയുമ്പോൾ ‘നല്ല ടീച്ചർ’’ ഒരു ആശ്വാസനിശ്വാസം ഉതിർക്കും. ഇതെല്ലാം തെറ്റാണെന്നും അതിന്റെയൊക്കെ ശരിയായ കാര്യങ്ങൾ ഇതൊക്കെയാണെന്നും ഇതോടെ ആ കുട്ടി പഠിക്കുമല്ലോ എന്ന് ആശ്വാസസന്തോഷ നിശ്വാസമാണത്. പക്ഷേ ‘ഒരിക്കലും നടക്കാത്ത ‘ സുന്ദരമായ ആശ്വാസം മാത്രമാണ് അത്.
ആ ചുവന്ന മഷി അടയാളങ്ങൾ ഇനിമേലിൽ എഴുതണ്ട, പറയണ്ട എന്ന് തീരുമാനത്തിലേക്ക് ആണ് കുട്ടികളെ നയിക്കുന്നത്. ഒരു പുതിയ ഭാഷ പഠിക്കുന്ന കുട്ടി ഏതാണ്ട് 4, 5 വർഷങ്ങൾ ആ ഭാഷ പഠിച്ചാൽ പോലും സ്വന്തം ആശയ പ്രകാശനത്തിന് ( കാണാതെ പഠിച്ചത് പേപ്പറിലേക്ക് അതുപടി പകർത്തുന്ന കാര്യമല്ല ഇവിടെ വിവക്ഷിക്കുന്നത്!) അത് ഉപയോഗിക്കുമ്പോൾ തെറ്റുകൾ വരും എന്നറിയാത്തവരായി ആരുമില്ല, ഉണ്ടാവുകയും അരുത്.
(മലയാളം എന്ന നമ്മുടെ മാതൃഭാഷ ഒരു തെറ്റും കൂടാതെ പറയാൻ, എഴുതാൻ കഴിയുന്ന എത്ര പേരുണ്ട് നമ്മുടെയിടയിൽ? ഏതായാലും ഞാൻ അത്തരക്കാരിയല്ല!!!. ‘To err is human’ എന്ന മുദ്രാവാക്യത്തെ ഞാൻ ഇപ്പോഴുമെപ്പോഴും മുറുകെ പിടിക്കുന്നു!) പുതിയ ഭാഷ പഠിച്ചു തുടങ്ങുന്ന ആദ്യത്തെ രണ്ടുമൂന്നു വർഷങ്ങൾ തെറ്റ് തിരുത്തൽ എന്നതിന്റെ ആവശ്യമേ ഇല്ല. തെറ്റു വരുത്താനുള്ള സ്വാതന്ത്ര്യം (അവസരവും) കൊടുത്താൽ നമ്മുടെ ക്ലാസ് മുറികൾ ചിന്തിക്കുന്നവരെ കൊണ്ട്, പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നവരെ കൊണ്ട് നിറയും.
അവരുടെ ഓരോ നിമിഷവും പഠനമായി മാറും. പഠനം ആസ്വാദ്യകരമാവും, പാൽപ്പായസമാകും അങ്ങനെ വന്നാൽ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പരീക്ഷകൾ തീരുന്ന ദിവസം സ്കൂളിന് പൊലീസ് സംരക്ഷണം ആവശ്യം വരില്ല, രക്ഷകർത്താക്കൾ കാത്തുനിന്ന് കയ്യോടെ പിടിച്ച് വീട്ടിൽ കൊണ്ടുപോകേണ്ടി വരില്ല, ക്ലാസ് മുറികളും ഡസ്‍ക്കും ബെഞ്ചും ഫാനുകളും തവിടുപൊടി ആവുകയില്ല.
കാരണം തെറ്റുമോ എന്ന പേടി കൂടാതെ അവർ കാര്യങ്ങൾ ചെയ്ത ഇടമാകും സ്കൂൾ, തെറ്റിൽ നിന്നും പഠിച്ച, തിരുത്തി മുന്നോട്ട് പോയ അവരുടെ തലച്ചോറിന്റെയും ഹൃദയത്തിന്റെയും വികാസത്തിന് സാക്ഷ്യം വഹിച്ചതാവും ആ ക്ലാസ് മുറികൾ. തെറ്റ് വരുത്താൻ കുട്ടികളെ അനുവദിക്കാം നമുക്ക്, തെറ്റുകളിൽ നിന്നും പഠിക്കാനും അവ സ്വയം തിരുത്തി മുന്നോട്ടു പോകാനും അവർക്ക് അവസരങ്ങൾ കൊടുക്കാം. അവർ വളരട്ടെ, വിവരങ്ങളെ (information) ചിന്തയും അനുഭവങ്ങളും കൊണ്ട് അറിവും വിവേകവും (knowledge and wisdom) ആക്കി മാറ്റിക്കൊണ്ട്, പേടിയില്ലാതെ.
തയ്യാറാക്കിയത് :
ശ്രീജ ദേവി എ ( Teacher )
GKS Govt. V&HSS,
VELLANAD