സിബിഐയുടെയും കസ്റ്റംസിന്റെയും പേരിലാണ് ഓൺലൈൻ തട്ടിപ്പ് നടന്നത്. തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരുടെ പണമാണ് നഷ്ടമായത്. എഫ്ഐആറിന്റെ വ്യാജ രേഖ അയച്ചു നൽകി ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു . മുംബൈയിലെ സിബിഐയുടെയും കസ്റ്റംസിന്റെയും പേരിൽ വ്യാജ എഫ്ഐആർ രേഖകൾ ചമച്ചു അത് കാണിച്ച് തിരുവനന്തപുരത്തും തളിപ്പറമ്പിലും നിന്നുമായി രണ്ടുപേരിൽ നിന്ന് രണ്ടുകോടി 85 ലക്ഷം രൂപയാണ് ഓൺലൈനിലൂടെ തട്ടിയെടുത്തത്.
പണം നഷ്ടമായ രണ്ടുപേരും തിരുവനന്തപുരം സ്വദേശികളാണ് .ചാർട്ടേഡ് അക്കൗണ്ടൻ്റ് 70 കാരൻറെ 2.25 കോടിയും തളിപ്പറമ്പിൽ ചികിത്സയ്ക്കായി താമസിച്ചിരുന്ന ഒരു വ്യാപാരിയുടെ 60 ലക്ഷം രൂപയും ആണ് തട്ടിയെടുത്തത്. ചാർട്ടേഡ് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത 25 ലക്ഷം രൂപയ്ക്കുള്ള ബാങ്ക് അക്കൗണ്ട് പോലീസ് ഇതോടെ മരവിപ്പിച്ചു. കഴിഞ്ഞ ആഴ്ച മുംബൈ കസ്റ്റംസിൽ നിന്ന് എന്ന പേരിൽ അക്കൗണ്ടിനെ ഫോണിൽ വിളിച്ച് ആയിരുന്നു തട്ടിപ്പിന്റെ ആരംഭം.
അക്കൗണ്ടൻ്റിൻ്റെ രേഖകളും ആധാർ കാർഡും ഉപയോഗിച്ച് വിദേശത്തേക്ക് അയച്ച പാഴ്സലിൽ ഏതാനും പാസ്പോർട്ടുകളും 75 ഗ്രാം എംഡിഎമ്മയും കണ്ടെത്തിയെന്നും മുംബൈ കസ്റ്റംസ് ഓഫീസിൽ ഉടൻ ഹാജരാകണമെന്നും നിർദ്ദേശിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് യാതൊന്നും തനിക്കറിയില്ലെന്ന് അറിയിച്ചപ്പോഴേക്കും കോൾ സ്കൈപ്പ് ആപ്പിലൂടെ വീഡിയോ കോൾ ആക്കി മാറ്റുകയും ചെയ്തു. മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ആണ് പിന്നീട് അക്കൗണ്ടൻ്റുമായി സംസാരിച്ചത്.
കേസ് സിബിഐക്ക് കൈമാറി എന്നുപറഞ്ഞ് അയാൾ സിബിഐ ഉദ്യോഗസ്ഥന്റെ ഐഡി കാർഡും എഫ്ഐആർ പകർപ്പും ഇയാൾക്ക് അയച്ചുകൊടുത്തു. കേസിൽ നിന്ന് രക്ഷപ്പെടാൻ കള്ളപ്പണ ഇടപാടുകളോ അനധികൃത സ്വത്തോ ഇല്ലെന്ന് തെളിയിക്കണമെന്നും ഇതിനായി ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറണമെന്നും അയാൾ ആവശ്യപ്പെട്ടു. അക്കൗണ്ടിലുള്ള പണത്തിന്റെ രേഖകൾ അയച്ചുകൊടുത്തതോടെ അക്കൗണ്ടിലുള്ള പണത്തിന്റെ 75% സർക്കാർ അക്കൗണ്ടിലേക്ക് മാറ്റാനും പണം റിസർവ് ബാങ്ക് വഴി പരിശോധിച്ച ശേഷം മടക്കി നൽകാമെന്നും അറിയിക്കുകയായിരുന്നു.
ഇതിനായി ആറ് അക്കൗണ്ടുകളും നൽകി. ആദ്യഗഡു തുക കൈമാറിയപ്പോൾ പണം ലഭിച്ചതായി കാണിച്ചു ധനവകുപ്പിന്റെ പേരിലുള്ള വ്യാജ രേഖ അയച്ചുകൊടുത്തു .തുടർന്ന് ധനവകുപ്പ് ഉദ്യോഗസ്ഥൻ എന്ന പേരിൽ മറ്റൊരാളുമായി സംസാരവും തുടങ്ങി. ഇത് ഗുരുതരമായ കേസ് ആണെന്നും ബാക്കി പണം അയക്കണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ രണ്ടു ദിവസം കൊണ്ട് 2.25 കോടി രൂപ കൈമാറി .വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് ഇദ്ദേഹം പോലീസിനെ സമീപിച്ചത്. പണം നൽകിയ ആറ് അക്കൗണ്ടുകളിൽ നിന്ന് രാജ്യത്തെ പല ഭാഗത്തുള്ള 36 അക്കൗണ്ടുകളിലേക്ക് ഉടൻതന്നെ പണം മാറ്റിയതായി കണ്ടെത്തി.
അങ്ങനെ രണ്ടുകോടി രൂപ പിൻവലിച്ചു .വ്യാപാരിയിൽ നിന്ന് പണം തട്ടിയതും ഇതേ ക്രമത്തിൽ തന്നെയായിരുന്നു. വ്യാപാരിക്കെതിരെ ഇന്ത്യൻ സീക്രട്ട് ആക്ട് പ്രകാരം ഉള്ള കേസെടുത്തന്നുകാണിച്ചു സിബിഐയുടെ വ്യാജ അറസ്റ്റ് വാറണ്ടി വരെ അയച്ചുകൊടുത്തു. നാല് ദിവസം കൊണ്ടാണ് 60 ലക്ഷത്തോളം രൂപ ഇങ്ങനെ തട്ടിയെടുത്തത്.രണ്ട് കേസും തിരുവനന്തപുരം ഡി സി പി നിതിൻ രാജിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കുന്നതായിരിക്കും