ചെണ്ണപ്പേട്ടയിൽ മാലിന്യ സംസ്കരണശാല സ്ഥാപിക്കാൻ ഗൂഢനീക്കം. എതിർപ്പുമായി പ്രദേശവാസികൾ. ചെണ്ണപ്പേട്ട പ്രദേശത്ത് റബ്ബർ എസ്റ്റേറ്റ് വിലയ്ക്കുവാങ്ങി വൻകിട മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ സർക്കാരിൻറെ രഹസ്യനീക്കം നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് ചണ്ണപ്പേട്ടയിലെ പ്രദേശവാസികൾ അതീവ ജാഗ്രതയിലാണ്.ചെണ്ണപ്പെട്ട മറ്റൊരു ബ്രഹ്മപുരം ആക്കാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് പ്രദേശവാസികൾ.
കൂപ്പ് – കോടാനൂർ ഭാഗത്തെ എസ്റ്റേറ്റ് ആണ് വിലകൊടുത്ത് ഏറ്റെടുക്കാൻ ശ്രമിക്കുന്നത്.ചടയമംഗലം നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഇവിടം. ഏരൂർ പഞ്ചായത്തിലെ പത്തടി വൈദ്യഗിരി എസ്റ്റേറ്റിലെ 50 ഏക്കർ വിലയ്ക്ക് വാങ്ങി മാലിന്യ സംഭരണ- സംസ്കരണ ശാല സ്ഥാപിക്കാനായിരുന്നു സർക്കാരിൻറെ തീരുമാനം. ഈ വസ്തുവിന്റെ ഉടമ സമതപത്രം സമർപ്പിച്ച വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ചണ്ണപേട്ടയിൽ സ്ഥലം കണ്ടെത്താൻ വീണ്ടും ശ്രമം ആരംഭിച്ചിരിക്കുകയാണ്. തെക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിലെ മാലിന്യം സംഭരിച്ചു സംസ്കരിക്കുകയാണ് ലക്ഷ്യം. ചണ്ണപ്പേട്ടയിൽ മാലിന്യ സംസ്കരണശാല സ്ഥാപിച്ചാൽ അലയമൺ ഇട്ടിവ പഞ്ചായത്തുകളിലെ ജനജീവിതം ദുസഹം ആകും എന്നും കുളത്തൂപ്പുഴ പഞ്ചായത്തിലെ ചോഴിയക്കോട് മേഖലയിലും ഇതിൻറെ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു.
ഇത്തിക്കരയാറിൻ്റെ ഉത്ഭവം ഇവിടെയായതിനാൽ നദിയിലെ ജലം ഉപയോഗശൂന്യമാകുമെന്നു ള്ളതിൽ തർക്കമില്ല. ഇതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇവിടെ മാലിന്യ സംസ്കരണ സംഭരണശാല സ്ഥാപിക്കാൻ ശ്രമിച്ചു കഴിഞ്ഞാൽ അതിനെ നഖശിഖാന്തം എതിർക്കുമെന്നും ചണ്ണപ്പേട്ട മറ്റൊരു ബ്രഹ്മപുരം ആക്കാൻ സമ്മതിക്കില്ല എന്നും പ്രതിഷേധക്കാർ അറിയിക്കുകയുണ്ടായി.