ആക്രമണത്തെ അതിജീവിച്ച കഥ മാധ്യമങ്ങളോട് വിവരിച്ച് കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്ററിന്റെ ഭാര്യ മാർട്ടീനി മോയ്‌സ്. പ്രസിഡന്റ് ജുവനെൽ മോയ്‌സ് കൊല്ലപ്പെട്ട ആക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഭീകരർ വീട്ടിൽ അതിക്രമിച്ച് കയറിയപ്പോൾ ഭയന്ന് പോയെന്നും അക്രമികൾ തൻ മരിച്ചെന്ന് കരുതിയതാണ് അവിടെ നിന്ന് പോയതെന്നും മാർട്ടീനി മോയ്‌സ് വെളിപ്പെടുത്തി. “അവർ സ്ഥലം വിടുമ്പോൾ ഞാൻ മരിച്ചെന്നാണ് അവർ കരുതിയിരുന്നത്”,
വെള്ളിയാഴ്ച ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. പ്രസിഡന്റിന് അകമ്പടി സേവിച്ചിരുന്ന 30മുതൽ 50 ഓളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണ സമയത്ത് എവിടെയായിരുന്നുവെന്നാണ് മാർട്ടീനിയെ ആശങ്കയിലാഴ്ത്തുന്ന ഒരു വസ്തുത.
ആക്രമണയത്തിൽ സുരക്ഷാ ഭടന്മാരാരും തന്നെ കൊല്ലപ്പെട്ടിരുന്നില്ല. ആർക്കും പരിക്ക് പോലും പറ്റിയിരുന്നില്ല എന്നത് മാർട്ടീനിയെ അത്ഭുതപ്പെടുത്തുന്നു. സർക്കാരിലെ തന്നെ പ്രഗത്ഭരോ അല്ലെങ്കിൽ സർക്കാർ സംവിധാനം തന്നെയോ ആണ് പ്രസിഡന്റിനെ
വധിച്ചതെന്നാണ് മാർട്ടീനി ആരോപിക്കുന്നത്. നിലവിൽ ജൊവനെൽ മോയ്‌സിന്റെ സുരക്ഷാ സേനയുടെ മേധാവിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങൾ ഉറക്കത്തിലായിരുന്നപ്പോഴാണ് സംഭവം നടന്നതെന്നും വെടിയൊച്ച കേട്ടാണ്
എഴുന്നേറ്റതെന്നും മാർട്ടീനി പറഞ്ഞു. “അദ്ദേഹം തന്റെ സുരക്ഷാ സംഘത്തെ സഹായത്തിനായി വിളിച്ചു, അപ്പോഴേക്കും കൊലയാളികൾ കിടപ്പുമുറിയിൽ എത്തി വെടിയുതിർത്തു”, മാർട്ടീനി അറിയിച്ചു.
ഭർത്താവ് വെടിയേറ്റ് കിടക്കുമ്പോൾ വായിൽ രക്തം നിറഞ്ഞ് താൻ ശ്വാസം മുട്ടുകയായിരുന്നു. കൊലയാളികൾ സ്പാനിഷ് മാത്രമാണ് സംസാരിച്ചിരുന്നത്. ഹെയ്തിയുടെ ഭാഷകൾ ക്രിയോളും ഫ്രഞ്ചുമാണ്.
മാത്രമല്ല ഫോണിലൂടെയുള്ള നിർദേശം കേട്ടും ആശയം വിനിമയം നടത്തിയുമാണ് അക്രമികൾ ആക്രമണം അഴിച്ചുവിട്ടതെന്നും അവർ വ്യക്തമാക്കി. ആരോഗ്യവതിയായി തിരിച്ചെത്തിയാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി
ചിന്തിക്കുമെന്നും അവർ വ്യകത്മാക്കി. “കൃത്യം ചെയ്തവരെ പിടികൂടിയില്ലെങ്കിൽ ഇനി പ്രസിഡന്റിന്റെ അധികാരസ്ഥാനത്തെത്തുന്ന ആരോടും അവരിത് ചെയ്യും. ഒരിക്കൽ ചെയ്തവർ പിന്നീടുമത് ആവർത്തിക്കും”, മാർട്ടീനി കൂട്ടിച്ചേർത്തു.