മെസ്സി വന്നതോടെ ഇരട്ടി കരുത്താര്‍ജിച്ച ഫ്രഞ്ച് അതികായരായ പി.എസ്.ജിയില്‍നിന്ന് യുവ താരം കിലിയന്‍ എംബാപ്പെയെ ടീമിലെത്തിക്കാന്‍ കരുക്കള്‍ നീക്കി റയല്‍ മഡ്രിഡ്. കരാര്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ 13.7 കോടി പൗണ്ട് (ഏകദേശം 1400 കോടി രൂപ)
വാഗ്ദാനം ചെയ്താണ് 22 കാരനെ ലാ ലിഗ ടീം കൊണ്ടുപോകാനൊരുങ്ങുന്നത്. സ്പാനിഷ് ലീഗില്‍ താല്‍പര്യമുണ്ടെന്ന് ഫ്രഞ്ച് താരം നേരത്തെ പി.എസ്.ജി മാനേജ്മെന്റിനെ അറിയിച്ചിരുന്നു. 2017ലാണ് മൊണാക്കോയില്‍ നിന്ന് പി.എസ്.ജിയിലെത്തിയിരുന്നത്.
റെക്കോഡ് തുകക്കായിരുന്നു അന്ന് കൗമാരതാരത്തിന്‍റെ കൈമാറ്റം. എന്നാല്‍, 174 കളികളില്‍ ഇതുവരെ ടീമിനായി 133 ഗോളുകള്‍ നേടിയ എംബാപ്പെയെ വിട്ടുനല്‍കുന്ന കാര്യം പി.എസ്.ജി ഇനിയും തീരുമാനമെടുത്തിട്ടില്ല.
കരാര്‍ ബാക്കിനില്‍ക്കെ വിട്ടുനല്‍കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതായി ഫ്രഞ്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കോവിഡില്‍ 30 കോടി യൂറോയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്ത റയലിന് ഇത്ര വലിയ തുക കണ്ടെത്തുക ദുഷ്കരമാകുമെങ്കിലും നികത്താന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നു കണ്ടാണ് നടപടി.